27 വർഷം മുമ്പുണ്ടായ കൊലപാതകക്കേസ്; ഒളിവിലിരുന്ന പ്രതി പിടിയിൽ
text_fieldsപനങ്ങാട്: ബന്ധുക്കൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് 1997ൽ കൊലപാതകം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിലായി. മരട് നെട്ടൂർ തണ്ടാശ്ശേരി കോളനിയിൽ താമസിച്ചിരുന്ന കൗസല്യ എന്ന സ്ത്രീയെ ബന്ധുക്കളായ നാലുപേർ ചേർന്ന് ഇരുമ്പുപാരകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസല്യയുടെ മകൾക്ക് ഗുരുതര പരിക്കേൽക്കുകയുമുണ്ടായി. സംഭവത്തിൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയിരുന്ന പ്രതി നെട്ടൂർ തണ്ടാശ്ശേരി കോളനിയിൽ നിന്ന് പെരുമ്പാവൂർ ചെമ്പറക്കി ഭാഗത്ത് വാടകക്ക് താമസിക്കുന്ന മഹേഷാണ് (52) പിടിയിലായത്. ജാമ്യമെടുത്തശേഷം പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് നിരവധി വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംഭവശേഷം ഇയാൾ വീടുവിട്ട് ഒളിവിലായിരുന്നു. തുടർന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -എട്ട് കോടതി ഇയാൾക്കെതിരെ ലോങ് പെൻഡിങ് വാറണ്ട് പുറപ്പെടുവിച്ചു.
ലോങ് പെൻഡിങ് വാറണ്ടുള്ള പ്രതികളെ കണ്ടെത്തുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എറണാകുളം അസി. പൊലീസ് കമീഷണറുടെ നിർദ്ദേശപ്രകാരം മഹേഷിനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ ആലുവ യു.സി കോളേജ് ഭാഗത്ത് കുറച്ചുവർഷങ്ങൾക്ക് മുമ്പുവരെ താമസിച്ചിരുന്നതായി കണ്ടെത്തുകയും, പിന്നീട് അവിടെ നിന്ന് മാറി പെരുമ്പാവൂർ ചെമ്പറക്കി ഭാഗത്തെവിടെയോ താമസിക്കുന്നതായും മനസ്സിലായി. ചൊവ്വാഴ്ച ആലുവ ഈസ്റ്റ് ദേശം ഭാഗത്തുള്ള ട്രിനിറ്റി ഗാർഡൻ വില്ലയിൽ പ്രതി പെയിന്റിങ് ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പനങ്ങാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.എം. മുനീർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, അരുൺ രാജ്, സൈജു, ഉണ്ണികൃഷ്ണൻ എന്നിവരുടെ ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.