വൃദ്ധയുടെ മരണം കൊലപാതകം; മകളും ചെറുമകളും റിമാൻഡില്‍
text_fieldsചിറയിന്‍കീഴ്: വൃദ്ധയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകളും ചെറുമകളും അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച അഴൂര്‍ റെയില്‍വെ ഗേറ്റിന് സമീപം ശിഖ ഭവനില്‍ നിര്‍മ്മല (75) യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് നിര്‍മലയുടെ മൂത്തമകള്‍ ശിഖ (55), ചെറുമകള്‍ ഉത്തര (35) എന്നിവരെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മലക്ക് ശിഖ ഉള്‍പ്പെടെ മൂന്ന് മക്കളാണുളളത്. നിര്‍മ്മലയുടെ പേരിലുളള സ്ഥിരനിക്ഷേപം ചിറയിന്‍കീഴിലെ സഹകരണ ബാങ്കിലാണ്. ശിഖയുടെ പേര് അവകാശികളുടെ പേരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിര്‍മലയുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്.
വര്‍ഷങ്ങളായി പിണക്കത്തിലായിരുന്നു ഇരുവരും. വീടിനോട് ചേര്‍ന്ന ചെറിയ ഷെഡിലാണ് നിര്‍മല താമസിച്ചിരുന്നത്. കഴിഞ്ഞ 14ന് വൈകീട്ട് ഷെഡിന്റെ താക്കോല്‍ കാണാത്തതില്‍ ഇരുകൂട്ടരും തമ്മില്‍ വഴക്ക് നടന്നു. ഇതിനിടെ ബെല്‍റ്റ് പോലുളള വളളി ഉപയോഗിച്ച് മകളും ചെറുമകളും ചേര്‍ന്ന് നിര്‍മലയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാന്‍ പ്രതികള്‍ നിര്‍മലക്ക് ദിവസവും കൊണ്ടുവന്നിരുന്ന പാല്‍കുപ്പികള്‍ രാവിലെ തന്നെ എടുത്തുമാറ്റിയിരുന്നു. നാട്ടുകാരോട് വലിയ അടുപ്പം കാണിക്കാത്ത പ്രതികള്‍ ബന്ധുക്കളോട് നിർമലക്ക് സുഖമില്ല എന്നാണ് അറിയിച്ചിരുന്നത്.
നാട്ടുകാര്‍ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസം പഴകിയ നിലയില്‍ നിര്‍മലയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച കിടക്കുന്ന സമയത്തും ശിഖയും മകളും നിര്‍മലയുടെ പേരിലുളള ഡിപ്പോസിറ്റ് അവരുടെ പേരില്‍ ആക്കാനുളള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെയും ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിന്‍കീവ് ഇന്‍സ്പെക്ടര്‍ വനീഷ് വി.എസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.