ഇൻഷുറൻസ് തുക കൈക്കലാക്കാൻ കൊലപാതകം; സഹോദരനടക്കം നാലുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്ത സഹോദരനടക്കം നാലുപേർ അറസ്റ്റിലായി.
ബെളഗാവി ഗോകഖ് കല്ലോളിയിലാണ് സംഭവം. ഹൻമന്ത് ഗോപാൽ തൽവാറാണ് (35) കൊല്ലപ്പെട്ടത്. നവംബർ ഏഴിന് അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ക്രൂര കൊലപാതകം സംബന്ധിച്ച നിർണായക വിവരത്തിലേക്കെത്തിയത്. ഇൻഷുറൻസ് തുകയായ 50 ലക്ഷം രൂപ കൈക്കലാക്കാൻ മൂത്ത സഹോദരനാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. നവംബർ ഏഴിന് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മരണം കൊലപാതകമാണെന്നും ശരീരത്തിൽ മുറിവുകളുണ്ടെന്നും മൃതദേഹത്തിന് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടെന്നും അറിയിച്ചു. തുടർന്ന് ബെളഗാവി എസ്.പി ഡോ. ഭീമശങ്കറിന്റെ നിർദേശ പ്രകാരം പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. നാട്ടുകാരിൽനിന്ന് ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പരസ്പര വിരുദ്ധ മൊഴികൾ ലഭിച്ചതോടെ പൊലീസിന് സംശയം മുറുകി. ഹൻമന്തിന്റെ മൂത്ത സഹോദരൻ ബസവരാജാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് തുടർന്നുള്ള ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. തന്റെ ബന്ധുവിന്റെ അമ്മാവൻ മരണപ്പെട്ടപ്പോൾ ബന്ധുവിന് ഇത്തരത്തിൽ 50 ലക്ഷം രൂപ ഇൻഷുറൻസ് ലഭിച്ചതുകണ്ട പ്രചോദനത്തിലാണ് ഇയാൾ സഹോദരനെ കരുവാക്കി തട്ടിപ്പിന് ശ്രമിച്ചത്. ഇൻഷുറൻസ് പ്രീമിയം തുക ബസവരാജ് തന്നെയാണ് അടച്ചത്. നോമിനിയായി തന്റെ പേര് ചേർക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത മറ്റു പ്രതികളായ ബാപ്പു ഷെയ്ക്കിന് എട്ടു ലക്ഷവും ഇരപ്പ ഹദഗിനാൽ, സച്ചിൻ കന്തണ്ണാവർ എന്നിവർക്ക് അഞ്ചു ലക്ഷം രൂപ വീതവും ബസവരാജ് വാഗ്ദാനം ചെയ്തിരുന്നു. സംഭവ ദിവസം ഇവർ ഹനുമന്തിനെ ഗ്രാമത്തിലെ വിജനമായ പ്രദേശത്ത് കൊണ്ടുപോയി മദ്യം കഴിപ്പിച്ച് ഇരുമ്പ് വടികൾ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചന്ദന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഹനുമന്ത് കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. കൊലപാതകത്തിന് ശേഷം ബസവരാജ് ഗ്രാമത്തിൽതന്നെ കഴിഞ്ഞു. മറ്റു മൂന്നു പ്രതികൾ ഒളിവിലും പോയി. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബസവരാജ് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.