മുല്ലൂരിലെ കൊലപാതകം: സ്വർണാഭരണങ്ങൾ വീണ്ടെടുത്തു
text_fieldsകോവളം: മുല്ലൂരിൽ ശാന്തകുമാരിയെ കൊലപ്പെടുത്തി പ്രതികൾ കവർന്നെടുത്ത് ജ്വല്ലറിയിൽ വിറ്റ സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. പ്രതികളിൽ ഒരാളായ അൽ അമീനെ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മുല്ലൂരിൽ ശാന്തകുമാരിയുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്ന വിഴിഞ്ഞം സ്വദേശിനി റഫീക്ക, മകൻ ഷെഫീക്ക്, സുഹൃത്ത് പാലക്കാട്ടുകാരൻ അൽ അമീൻ എന്നിവരാണ് സ്വർണാഭരണങ്ങൾക്കായി കൊല നടത്തിയത്.സംഭവദിവസം രാവിലെ പതിനൊന്നോടെ അൽ അമീൻ ഓട്ടോയിൽ വിഴിഞ്ഞത്ത് എത്തി അരപവന്റെ മോതിരവും ഒരു പവന്റെ വളയും 45000 രൂപക്ക് വിറ്റു. ഈ സമയം ഷഫീക്ക് ജ്വല്ലറിക്ക് മുന്നിൽ കാത്തുനിന്നു.
തുടർന്ന് കിഴക്കേകോട്ടയിൽ എത്തിയ സംഘം ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിച്ചു. ഉച്ചക്ക് റഫീക്കയുമായി വീണ്ടും വിഴിഞ്ഞത്ത് എത്തിയ അൽഅമീൻ അരപവന്റെ കമ്മലും അരപവന്റെ മാട്ടിയും അതേ ജ്വല്ലറിയിൽതന്നെ 35000 രൂപക്ക് വിറ്റു. പാലക്കാട്ടുകാരനായ അൽഅമീൻ നേരത്തേയും ഈ ജ്വല്ലറിയിൽനിന്ന് സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. അരമണിക്കൂർ നീണ്ട തെളിവെടുപ്പിനും സ്വർണം വീണ്ടെടുക്കലിന് ശേഷം പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
നേരത്തേ പല സ്ഥലങ്ങളിലായി വാടകക്ക് മാറിത്താമസിച്ചിരുന്ന പ്രതികൾ വീട്ടുസാധനങ്ങൾ ലോറിയിൽ വാടക വീടുകളിൽ എത്തിക്കുന്നതായിരുന്നു പതിവ്. എന്നാൽ, മുല്ലൂരിൽ ശാന്തകുമാരിയെ വകവരുത്താൻ നേരത്തേ പദ്ധതിയിട്ട ഇവർ വീട്ടുസാധനങ്ങൾ പലർക്കായി വിറ്റു. ഒരു കട്ടിലും മറ്റു ചില വസ്തുക്കളും ശാന്തകുമാരിക്കും നൽകിയിരുന്നു. ഇങ്ങനെ വിൽപന നടത്തിയ വസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടിയും ആരംഭിച്ചു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെയും എസ്.ഐ സമ്പത്തിന്റെയും മേൽനോട്ടത്തിലായിരുന്നു തെളിവെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.