മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ്; കൊന്നത് കഴുത്ത് ഞെരിച്ച്
text_fieldsമൈലപ്രയില് വ്യാപാരിയുടെ കൊലപാതകം നടന്നത് മോഷണ ശ്രമത്തിനിടെയെന്ന് പൊലീസ് കണ്ടെത്തി. കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് പൊലീസ് പറയുന്നു. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കൈലിയും മുണ്ടുകളും ഷർട്ടുകളും കണ്ടെടുത്തു. ഒമ്പത് പവന്റെ മാലയും പണവും നഷ്ടമായി.
മൈലപ്ര പോസ്റ്റ് ഓഫിസ് പടിക്കൽ വ്യാപാരിയെ സ്വന്തം കടക്കുള്ളിലാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സ്റ്റേഷനറിക്കട നടത്തിയിരുന്ന പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ് (73) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കടയിൽ സാധനം വാങ്ങാൻ എത്തിയവരാണ് കടയുടെ ഉള്ളിലെ മുറിയിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്.
മൈലപ്ര പോസ്റ്റ് ഓഫിസിനോട് ചേർന്ന രണ്ടുമുറി കടയിൽ കൈകാലുകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടത്. കടയിലെ സി.സി ടി.വി കാമറകൾ തകർത്തിട്ടുണ്ട്. കാമറ ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിസ്ക് ഭാഗവും എടുത്തുകൊണ്ടുപോയി. കടയിൽ സാധനം വാങ്ങാൻ വന്നയാൾ ഇദ്ദേഹത്തെ കാണാത്തതിനാൽ ഉള്ളിലേക്ക് കയറി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ഉടൻ സമീപത്തുള്ളവരെ കൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ജോർജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിനു പിന്നിൽ വലിയ ആസൂത്രണം ഉണ്ടെന്നാണു പൊലീസ് കരുതുന്നത്. ഉച്ചക്കുശേഷം വെയിലേൽക്കാതിരിക്കാൻ കടയുടെ മുൻഭാഗം പച്ച കർട്ടൻ ഉപയോഗിച്ചു മറച്ചശേഷം ജോർജ് കടയിൽ കിടന്നുറങ്ങാറുണ്ട്.
വ്യാപാരിയുടെ കൊലപാതകത്തിൽ ഏറെ ദുരൂഹതയുള്ള സാഹചര്യത്തിൽ ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരുന്നു. പത്തനംതിട്ട എസ്.പി വി. അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡി.വൈ.എസ്.പി മാർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.