കല്ലാംകുഴി ഇരട്ടക്കൊല: 25 പ്രതികൾക്കും ജീവപര്യന്തം
text_fieldsപാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രതികൾ 50,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നും പാലക്കാട് നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടി.എച്ച്. രജിത ഉത്തരവിട്ടു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി.
2013 നവംബര്‍ 20ന് രാത്രി ഒമ്പതോടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിന് (66) അക്രമത്തിൽ സാരമായി പരിക്കേറ്റിരുന്നു. പ്രതികളായ തൃക്കള്ളൂര്‍ കല്ലാങ്കുഴി ചോലാട്ടില്‍ സിദ്ദീഖ് (55), കാരൂക്കില്‍വീട്ടില്‍ നൗഷാദ് (പാണ്ടി നൗഷാദ് -34), പൂളമണ്ണിൽ നിജാസ് (28), ചേലോട്ടിൽ ഷമീം (27), പലേക്കോടൻ സലാഹുദ്ദീൻ (26), മാങ്ങാട്ടുതൊടി ഷമീർ (28), പാലക്കാപറമ്പിൽ സുലൈമാൻ (60), മാങ്ങാട്ടുതൊടി അമീർ(34), പാലക്കാപറമ്പിൽ അബ്ദുൽ ജലീൽ (44), പടലത്ത് റഷീദ് എന്ന ബാപ്പുട്ടി (38), പാലക്കാപറമ്പിൽ ഇസ്മായിൽ എന്ന ഇപ്പായി (43), കഞ്ഞിച്ചാളി സുലൈമാൻ (52), പലേക്കോടൻ ശിഹാബ് (47), പാലക്കാപറമ്പിൽ മുസ്തഫ എന്ന മാൻ (32), ചീനത്ത് നാസർ (62), തെക്കുംപുറയൻ ഹംസ എന്ന ഇക്കാപ്പ (64), ചീനത്ത് ഫാസിൽ (27), പലേക്കോടൻ സലീം (46), പടലത്ത് സെയ്താലി (52), പടലത്ത് താജുദ്ദീൻ (44), പടലത്ത് സഹീർ (32), തെക്കുംപുറയൻ ഫാസിൽ (28), തെക്കുംപുറയൻ അംജദ് (35), കീരിത്തൊടി മുഹമ്മദ് മുബഷിർ (32), പരിയാരത്ത് മുഹമ്മദ് മുഹസിൻ (28) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്ന് വർഷം കഠിനതടവ് ഉൾപ്പെടെയാണ് ശിക്ഷ.
കേസിൽ ആകെ 27 പ്രതികളാണുണ്ടായിരുന്നത്. നാലാംപ്രതി ചീനൻ ഹംസപ്പ വിചാരണക്കിടെ മരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുടെ കേസ് പാലക്കാട് ജൂവനൈൽ കോടതിയിലാണ്. കൊലപാതകം, കൊലപാതക ശ്രമം, മാരാകായുധങ്ങളുമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കല്ലാങ്കുഴി ജുമാമസ്ജിദിലെ പിരിവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ഇരട്ടക്കൊലയിൽ കലാശിച്ചത്. കൊല്ലപ്പെട്ട കുഞ്ഞുഹംസയും നൂറുദ്ദീനും സുന്നി എ.പി വിഭാഗം പ്രവർത്തകരും സി.പി.എം പ്രവർത്തകരുമായിരുന്നു.
മുസ്ലിം ലീഗ് പ്രവര്‍ത്തകരോ പാർട്ടിയുമായി ബന്ധമുള്ളവരോ ആണ് പ്രതികൾ. ലീഗ് നേതാവും കേസിലെ ഒന്നാംപ്രതിയുമായ ചോലാട്ടില്‍ സിദ്ദീഖിന്‍റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത്. കൊല നടന്ന് ഏഴുവർഷത്തിനുശേഷമാണ് വിചാരണ ആരംഭിച്ചത്. 90ഓളം സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.സി. കൃഷ്ണന്‍ നാരായണൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.