സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; പ്രതി അഭിലാഷിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും, കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
text_fieldsകോഴിക്കോട്: സി.പി.എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണം സംഘം കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പെരുവട്ടൂരിലെ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്നത്. കേസ് അന്വേഷണത്തിന് വടകര ഡിവൈ.എസ്.പി സജേഷ് വാഴയിൽ മേൽനോട്ടം നൽകും. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിനാണ് അന്വേഷണച്ചുമതല.
കൊയിലാണ്ടി സ്റ്റേഷനിൽനിന്ന് പ്രതിയെ സുരക്ഷാകാരണങ്ങളാൽ എടച്ചേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കൊയിലാണ്ടിയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എടച്ചേരിയിലെത്തിയ സി.ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റ് പാർട്ടിക്കാരിൽനിന്ന് മർദനമേറ്റ സംഭവത്തിൽപോലും പാർട്ടി സെക്രട്ടറി തന്നെ കുറ്റപെടുത്തുകയായിരുന്നു. തികഞ്ഞ അവഗണനയാണ് പലപ്പോഴും സെക്രട്ടറിയിൽനിന്ന് ഉണ്ടായതെന്നും പ്രതി പൊലീസിനു മൊഴി നൽകി. മൂർച്ചയേറിയ കത്തിയുപയോഗിച്ചാണ് അക്രമം നടത്തിയത്.
സത്യനാഥന്റെ ശരീരത്തിൽ ആറു മുറിവുകളുണ്ടായിരുന്നു. രണ്ടെണ്ണം കഴുത്തിലും മൂന്നെണ്ണം തോളിലും ഒന്ന് തോളിന് താഴെയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിനു തൊട്ടടുത്ത പറമ്പിൽനിന്നാണ് നേർത്ത മൂർച്ചയേറിയ കറുത്ത പിടിയുള്ള കത്തി കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ അഭിലാഷ് ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം നൽകിയിരുന്നു. ഇതുപ്രകാരം നടത്തിയ തിരച്ചിലിലാണ് കത്തി കണ്ടെത്തിയത്.
സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച രണ്ടുമണിയോടെ വെങ്ങളത്തുനിന്ന് വിലാപയാത്രയായി കൊണ്ടുവന്ന് കൊയിലാണ്ടി സെൻട്രൽ ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്ത് പൊതുദർശനത്തിനുവെച്ചശേഷം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രതി മുൻ സി.പി.എമ്മുകാരൻ
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്ന കേസിലെ പ്രതി അഭിലാഷ് മുൻ സി.പി.എമ്മുകാരൻ. കൊയിലാണ്ടി നഗരസഭയിൽ കെ. ശാന്ത, കെ. സത്യൻ എന്നിവർ ചെയർപേഴ്സൻമാരായിരുന്നപ്പോൾ ഡ്രൈവറായി ജോലിയെടുത്തിരുന്നു. പിന്നീട് ഡി.വൈ.എഫ്.ഐ പാലിയേറ്റിവ് കെയറിന്റെ ഡ്രൈവറായിരുന്നു. അതിൽനിന്ന് ഒഴിവാക്കിയതിനു ശേഷം ഗൾഫിൽ കുറച്ചുകാലം ജോലിചെയ്തു.
തിരിച്ചെത്തിയശേഷം സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എട്ടുവർഷം മുമ്പ് വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ പാർട്ടി നടപടിക്ക് വിധേയനായിരുന്നു. 2016ൽ ബി.ജെ.പി പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ പ്രതിയാണ് അഭിലാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.