മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
text_fieldsമഞ്ചേരി: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂര്‍ വില്യമംഗലത്ത് രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. മഹാരാഷ്ട്ര സാംഗ്ലി രേവന്‍ഗംഗമാല കാട്ഗാവ് ബോറോഗാവ് ജാതവ് വീട്ടില്‍ താനാജിയുടെ മകന് മധുകര്‍ എന്ന സഞ്ജയ് (42) ആണ് കൊല്ലപ്പെട്ടത്. 2016 മാര്‍ച്ച് 28ന് രാവിലെ 8.45നാണ് കേസിനാസ്പദമായ സംഭവം.
30 വര്‍ഷമായി കുടുംബസമേതം രണ്ടത്താണിയില്‍ താമസിക്കുന്ന മധുകറും പ്രതി രാജനും സുഹൃത്തുക്കളും സ്വര്‍ണപ്പണിക്കാരുമാണ്.
ഇരുവരും പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അന്ന് പ്രതിയുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവന് തൂക്കംവരുന്ന സ്വര്‍ണം കാണാതായി. ഇത് മധുകര്‍ മോഷ്ടിച്ചതാണെന്ന് പ്രതി ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച മധുകര്‍ സ്വര്‍ണം തിരികെ നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോട്ടക്കലില്‍നിന്ന് വാങ്ങിയ കത്തിയുമായി മധുകറിന്റെ പുത്തനത്താണി തിരൂര്‍ റോഡിലുള്ള കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി മധുകറിന്റെ കൈക്കും വയറിനും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കല്പകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ.ജി. സുരേഷ്, കെ.എം. സുലൈമാന്‍, എസ്.സി.പി.ഒമാരായ ഇഖ്ബാല്‍, ശറഫുദ്ദീന്‍ എന്നിവരാണ് അന്വേഷിച്ചത്.
കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവ്, 90,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷത്തെ അധിക കഠിനതടവ്, അതിക്രമിച്ചു കയറിയതിന് ഏഴുവര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ഷാജു 33 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 31 രേഖകളും 12 തൊണ്ടി മുതലുകളും ഹാജരാക്കി. എ.എസ്.ഐ പി. ഷാജിമോള്‍, സി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.