അസം സ്വദേശികളുടെ കൊലപാതകം; പൊലീസ് ഒഡിഷയിലേക്ക് പുറപ്പെട്ടു
text_fieldsമൂവാറ്റുപുഴ: അടൂപ്പറമ്പിൽ രണ്ട് അസം സ്വദേശികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അന്വേഷണത്തിന് മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. മൂവാറ്റുപുഴ, കോതമംഗലം ഇൻസ്പെക്ടർമാരും മൂവാറ്റുപുഴ സബ് ഇൻസ്പെക്ടറും അടക്കമുള്ളവർ അന്വേഷണ സംഘത്തിലുണ്ട്.
കൊല്ലപ്പെട്ട അസം സ്വദേശികളായ മൊഹൻതോക്കും ദീപങ്കറിനും ഒപ്പം തടിമില്ലിലെ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന ഒഡിഷ സ്വദേശി ഗോപാൽ മല്ലിക്കിനെ കണ്ടെത്തുന്നതിന് അന്വേഷണ സംഘം ഒഡിഷ ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെട്ടു. അഞ്ചംഗ സംഘമാണ് പോയിരിക്കുന്നത്. സംഭവശേഷം മൊഹൻേതായുടെയും ദീപങ്കറിന്റെയും മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഇവരുടെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. ഫോണുകൾ പ്രവർത്തിക്കുന്നില്ല. ഇവ ഗോപാൽ കൊണ്ടുപോയന്ന നിഗമനത്തിലാണ് പൊലീസ്. ഗോപാൽ ചില സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഓൺലൈനിൽ വിവിധ സാധനങ്ങൾ വാങ്ങുകയും ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായും നാട്ടുകാരിൽ ചിലർ പൊലീസിനോടു വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
ഞായറാഴ്ചയാണ് അടൂപറമ്പിലെ തടിമില്ലിലെ താമസസ്ഥലത്ത് അസം സ്വദേശികളായ മോഹന്തോ (40), ദീപങ്കര് ബസുമ്മ (37) എന്നിവരെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശി ഗോപാൽ മല്ലിക്കിനെ (22) കാണാതായിരുന്നു. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ഗോപാൽ കടന്നുകളയുകയായിരുന്നുവെന്നാണ് സൂചന.
മാറാടി സ്വദേശി ഷാഹുൽ ഹമീദ് നടത്തുന്ന തടിമില്ലിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ് മരിച്ചവർ. തൊഴിലാളികളിൽ ഒരാളുടെ ഭാര്യ രാവിലെ മുതൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഷാഹുൽ ഹമീദിനെ വിവരം അറിയിക്കുകയായിരുന്നു. ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം സമീപത്തുള്ള ബേക്കറി ജീവനക്കാരനെത്തി നോക്കിയെങ്കിലും മദ്യപിച്ച് ഉറങ്ങുകയാണന്ന നിഗമനത്തിൽ മടങ്ങി പോയി. പിന്നീടും വീട്ടിൽ നിന്നുംവിളി വന്നതോടെ മില്ലിലെ മാനേജരെത്തി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.
മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവുകൾ
മൂവാറ്റുപുഴ: അടൂപ്പറമ്പിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം തിങ്കളാഴ്ച രാവിലെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് രണ്ടുപേരുടെയും മരണത്തിനു കാരണമായതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിലാണ് ഇരുവരുടെയും കഴുത്തിൽ ആഴത്തിൽ മുറിവേറ്റത്.
ശരീരത്തിൽ മറ്റും ഭാഗങ്ങളിലും മുറിവുണ്ടെങ്കിലും ഇവയൊന്നും ആഴത്തിലുള്ളതല്ല. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് കോഴിക്കോടും പെരുമ്പാവൂരുമുള്ള കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തിങ്കളാഴ്ച രാവിലെ തന്നെ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണു പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ചൊവ്വാഴ്ച മൃതദേഹങ്ങൾ അസമിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.