ക്വാറി ഉടമയുടെ കൊലപാതകം; സൂത്രധാരനെ തേടി പൊലീസ്
text_fieldsപാറശ്ശാല/മാർത്താണ്ഡം: കളിയിക്കാവിളയിൽ കാറിൽവെച്ച് ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റഡിയിലുള്ള പ്രതി സജികുമാർ (ചൂഴാറ്റുകോട്ട അമ്പിളി).
ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ പാറശാല സ്വദേശി സുനിലാണെന്നും കൊലക്ക് ഉപയോഗിച്ച മാസ്കും ക്ലോറോഫോമും സർജിക്കൽ കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശ്ശാലയിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സുനിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
ഇതിനിടെ, വ്യാഴാഴ്ച പുലർച്ചെ അമ്പിളിയുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയിൽ ഏഴേകാൽ ലക്ഷം രൂപയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.
അതേസമയം, പ്രതി സജികുമാർ എന്ന അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അമ്പിളിയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിലും ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം.
അമ്പിളിയുടെയും കൊല്ലപ്പെട്ട മലയിൻകീഴ് മണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ് ദീപുവി(46)ന്റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ചോദ്യം ചെയ്തേക്കും. അതേസമയം, ദീപുവിന്റെ കുടുംബം പറയുന്നത് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നാണ്. ദീപുവിന് അങ്ങനെ വന്ന കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.