നാട്ടുവൈദ‍്യന്‍റെ കൊലപാതകം: ഒന്നാം പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ്
text_fieldsനിലമ്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ‍്യൻ ഷാബാ ശരീഫിന്‍റെ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി ഒന്നാം പ്രതി ഷൈബിൻ അഷറഫിന്‍റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെയാണ് ഞായറാഴ്ച ഉച്ചക്കുശേഷം നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പ് ഒരുമണിക്കൂർ നീണ്ടു.
ഷൈബിന്‍ അഷറഫിന്റെ നിർദേശപ്രകാരം മൈസൂരുവില്‍നിന്ന് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത് ഇവരുൾപ്പെട്ട പ്രതികളാണ്.
ഇതിന് ഗൂഢാലോചന നടത്തിയത് ഷൈബിന്‍ അഷറഫിന്‍റെ വീട്ടിലാണ്. ഷാബാ ശരീഫിനെ വീട്ടിൽനിന്ന് കൊണ്ടുവന്നത് ബൈക്കിലായിരുന്നു. വഴിമധ്യേ കാറിലേക്കും പിന്നീട് വാനിലേക്കും മാറ്റി. ഇതിന് ഉപയോഗിച്ച വാഹനങ്ങൾ പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ഔഡി ക്യൂ 7 കാര്‍ തൊണ്ടിമുതലായി പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പിടിയിലായ പ്രതി അജ്മലിന്‍റെ പേരിലുള്ള മാരുതി ഇക്കോ വാനും തട്ടിക്കൊണ്ടുവരാൻ ഉപയോഗിച്ചു.
2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് 15 മാസത്തോളം ഷൈബിന്‍റെ മുക്കട്ടയിലെ വീട്ടില്‍ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതശരീരം വെട്ടിനുറുക്കി ചാലിയാറിൽ എറിയുകയായിരുന്നു.
ഷൈബിന്‍റെ ബന്ധു കയ്പഞ്ചേരി ഫാസില്‍, പൊരി ഷമീം എന്നിവരും ഷൈബിന്‍റെ നിയമസഹായി വിരമിച്ച എസ്.ഐ സുന്ദരന്‍ സുകുമാരനും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.