തുടർക്കഥയായി കൊലപാതക രാഷ്ട്രീയം; ഇരുട്ടിൽ തപ്പി അധികൃതർ
text_fieldsകായംകുളം: ഒന്നര പതിറ്റാണ്ട് മുമ്പ് ആർ.എസ്.എസ് തുടങ്ങിവെച്ച കൊലപാതക രാഷ്ട്രീയത്തിെൻറ തുടർച്ച ആവർത്തിക്കുേമ്പാൾ ശാശ്വത പരിഹാരത്തിന് വഴികാണാനാകാതെ അധികൃതർ ഇരുട്ടിൽ തപ്പുന്നു. ആലപ്പുഴയിൽ എസ്.ഡി.പി.െഎ നേതാവും പിന്നാലെ ആർ.എസ്.എസ് നേതാവും കൊല്ലപ്പെട്ടതോടെയാണ് പഴയ സംഭവങ്ങൾ വീണ്ടും ചർച്ചയാകുന്നത്.
മണ്ണഞ്ചേരിയിൽ എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനും പ്രത്യാക്രമണത്തിൽ ആലപ്പുഴ വെള്ളക്കിണറിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടത്. 2005ൽ വള്ളികുന്നം കടുവിനാൽ ജുമാമസ്ജിദിനുനേരെ ഏകപക്ഷീയ അക്രമണം നടത്തി നിരപരാധിയായ യുവാവിനെ കൊലപ്പെടുത്തിയത് മുതലാണ് രാഷ്ട്രീയ പകയുടെ തുടക്കം. പള്ളിയിൽ പ്രാർഥനെക്കത്തിയ മേൽതുണ്ടിൽ അഷറഫാണ് (39) അന്ന് കൊല്ലപ്പെട്ടത്. ഇമാം നൂർ മുഹമ്മദ് അഹ്സനി, സമീപവാസിയായ ചെറുമുഖത്ത് ഇബ്രാഹിംകുട്ടി മുസ്ലിയാർ എന്നിവർക്കും പരിക്കേറ്റിരുന്നു.
ആർ.എസ്.എസുമായി തർക്കമുണ്ടായിരുന്ന ഒരാളെ തേടിയെത്തിയ സംഘം നിരപരാധികൾക്ക് നേരെ അക്രമണം അഴിച്ചുവിട്ടത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിലെ പ്രതികൾ ഹൈകോടതിയിൽനിന്ന് കുറ്റമുക്തരായി. ആർ.എസ്.എസ്-എൻ.ഡി.എഫ് സംഘർഷത്തിെൻറ തുടർച്ചയാണ് പള്ളി ആക്രമണമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ഉൾപ്പെട്ട 17 പ്രതികളെയും ജില്ല കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചെങ്കിലും പഴുതുകൾ നിലനിന്നതിനാൽ ഹൈകോടതി വെറുതെവിടുകയായിരുന്നു. സംഘടന നൽകിയ പകരക്കാരായിരുന്നു ഇതിലെ പ്രതികളെന്നും ആക്ഷേപം ഉയർന്നിരുന്നു.
സംഭവങ്ങളുടെ യഥാർഥ വസ്തുത പൊലീസ് മറച്ചുവെച്ചത് സംഘർഷാവസ്ഥ തുടരുന്നതിനാണ് കാരണമായത്. ഇതിെൻറ തുടർച്ചയെന്നോണം കേസിലെ ഒന്നാം പ്രതി തഴവ സ്വദേശി വിനോദ് (25) മണപ്പള്ളി നാലുവിള ജങ്ഷനിൽെവച്ച് 2007ൽ കൊല്ലപ്പെട്ടു. ഇതിനു ശേഷവും അടിസ്ഥാനപ്രശ്നങ്ങളിലേക്ക് അന്വേഷണമെത്തിയില്ല. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ഫെബ്രുവരിയിൽ വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ വെേട്ടറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ആര്.എസ്.എസ് നാഗംകുളങ്ങര മുഖ്യശിക്ഷകനായിരുന്ന നന്ദുകൃഷ്ണനാണ് (22) സംഘർഷത്തിനിടെ വെേട്ടറ്റ് മരിച്ചത്. എസ്.ഡി.പി.െഎ പ്രചാരണ ജാഥയെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. ജില്ലയിൽ കൊലപാതക രാഷ്ട്രീയം അറുതിയില്ലാതെ തുടരുമെന്ന സന്ദേശമാണ് രണ്ട് സംഭവവും നൽകുന്നത്. മുൻ സംഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് പരിഹാര നടപടിയിലേക്ക് കടക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവമാണ് കൊലപാതകവും അക്രമണങ്ങളും തുടർക്കഥയാകുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ശാശ്വതസമാധാനത്തിനായി പഴുതുകളില്ലാത്ത പരിഹാര നടപടികൾ വേണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.