വിധാൻ സൗധക്ക് പുറത്ത് ദമ്പതികളുടെ ആത്മഹത്യ ശ്രമം; പൊലീസ് കേസെടുത്തു
text_fieldsബംഗളൂരു: ബാങ്ക് വഞ്ചിച്ചുവെന്നാരോപിച്ച് കർണാടക നിയമസഭക്കു പുറത്ത് മുസ്‍ലിം ദമ്പതികൾ ആത്മാഹുതിക്ക് ശ്രമിച്ചു. ബുധനാഴ്ച രാവിലെയാണ് വിധാൻ സൗധക്ക് പുറത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജെ.ജെ നഗർ സ്വദേശികളായ ഷഹിസ്ത ബാനു(48), ഭർത്താവ് മുഹമ്മദ് മുനയീദ് ഉല്ല എന്നിവരാണ് ആത്മാഹുതിക്ക് ശ്രമിച്ചത്. ഇവരുടെ മക്കളും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോട് വിവരം പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൂടെ ഒഴിക്കുകയായിരുന്നു. എന്നാൽ ദമ്പതികൾ തീക്കൊളുത്തുന്നതിന് മുമ്പ് പൊലീസ് ഇടപെട്ട് കസ്റ്റഡിയിലെടുത്തു.
ബംഗളൂരു സഹകരണ ബാങ്ക് തങ്ങളെ പറ്റിച്ചുവെന്നാണ് ദമ്പതികളുടെ അവകാശവാദം. ഇതുസംബന്ധിച്ച് പരാതിയുമായി മന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ദമ്പതികൾ പറയുന്നു.
തന്റെ കുടുംബത്തെ ബാങ്ക് വഞ്ചിച്ചുവെന്നാണ് ഷഹിസ്തയുടെ പരാതി. മൂന്നുകോടി രൂപ മൂല്യമുള്ള അവരുടെ സ്വത്തുക്കൾ വെറും 1.41കോടി രൂപക്ക് ലേലം ചെയ്തു. നീതി തേടിപ്പോയിട്ടും ബാങ്ക് മാനേജ്മെന്റ് പ്രതികരിച്ചില്ല. ഇഞ്ചികൃഷി ചെയ്യാനാണ് ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ വായ്പയെടുത്തത്. ഏതാണ്ട് 90 ലക്ഷം രൂപയോളം തിരിച്ചടച്ചു.-ഷഹിസ്ത പറഞ്ഞു. ദമ്പതികൾക്കെതിരെ ആത്മഹത്യ ശ്രമത്തിനും പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയതിനും പൊലീസ് കേസെടുത്തു. പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.