മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ചു; ഗുജറാത്ത് സർക്കാറിനും പൊലീസിനും ഹൈകോടതി നോട്ടീസ്
text_fieldsഅഹമ്മദാബാദ്: ഖേഡ ജില്ലയിൽ ഉന്ധേല ഗ്രാമത്തിലെ നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിനും പൊലീസുകാർക്കും ഹൈകോടതി നോട്ടീസ്. മർദനമേറ്റ യുവാക്കൾ സമർപ്പിച്ച ഹരജിയിൽ ഗുജറാത്ത് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് 15 പൊലീസുകാർക്ക് നോട്ടീസ് അയച്ചത്. ഐ.ജി, പൊലീസ് സൂപ്രണ്ട് ഖേദ, മതർ പൊലീസ് സ്റ്റേഷനിലെ 10 കോൺസ്റ്റബിൾമാർ, ലോക്കൽ ക്രൈംബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി.
ഒക്‌ടോബർ മൂന്നിന് ഉന്ധേല ഗ്രാമത്തിലെ പള്ളിക്ക് സമീപം നടന്ന ഗർബ പരിപാടിയെ മുസ്‌ലിംകൾ എതിർത്തതോടെ പ്രാദേശിക ഹിന്ദു, മുസ്‌ലിം സമുദായ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് മഫ്തിയിലെത്തിയ പൊലീസുകാർ യുവാക്കളെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഇൻസ്പെക്ടർ എ.വി പാർമർ, സബ് ഇൻസ്പെക്ടർ ഡി.ബി. കുമാവത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മർദനം. സംഭവത്തിൽ ജാഹിർമിയ മാലിക് (62), മക്‌സുദാബാനു മാലിക് (45), സഹദ്മിയ മാലിക് (23), സകിൽമിയ മാലിക് (24), ഷാഹിദ് മാലിക് (25) എന്നിവർക്കാണ് മർദനമേറ്റത്.
ചുറ്റും കൂടി നിന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന നൂറുകണക്കിന് പേർ പൊലീസിന്‍റെ അക്രമം കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വൻ പ്രതിഷേധമുണർന്നത്. ഇതോടെ സംഭവത്തെക്കുറിച്ചും ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിതരാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.