ദുർമന്ത്രവാദത്തിനിടെ രക്ഷിതാക്കളുടെ ക്രൂരമർദനം; മഹാരാഷ്ട്രയിൽ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
text_fieldsനാഗ്പൂർ: ദുർമന്ത്രവാദത്തിനിടെ മാതാപിതാക്കളുടെ ക്രൂര മർദ്ദനമേറ്റ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നടുക്കുന്ന സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാർഥ് ചിംനെ (45), മാതാവ് രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ ഭാര്യക്കും 5 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺമക്കൾക്കുമൊപ്പം സിദ്ധാർഥ് തകൽഘട്ടിലെ ഒരു ദർഗയിൽ പോയിരുന്നു. അന്നുമുതൽ ഇളയമകളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടായതായും കുട്ടി ദുഷ്ടശക്തിയുടെ സ്വാധീനത്തിലായതായും കുടുംബം വിശ്വസിച്ചു. തുടർന്ന് കുട്ടിയെ ദുഷ്ടശക്തിയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കാൻ കുടുംബം ദുർമന്ത്രവാദം നടത്തുകയായിരുന്നു.
രക്ഷിതാക്കളും അമ്മായിയും ചേർന്നാണ് ദുർമന്ത്രവാദം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രദേശിക വാർത്താ ചാനൽ നടത്തുന്ന ചിംനെ ചിത്രീകരിച്ചു. മന്ത്രവാദത്തിനിടെ അടിയേറ്റ് കുട്ടി അബോധാവസ്ഥിയിലായി. തുടർന്ന് കുട്ടിയെ ആദ്യം ദർഗയിലേക്കും പിന്നീട് ആശുപത്രിയിലേക്കും കൊണ്ടുപോയി.
ആശുപത്രിയിലെത്തിച്ച ശേഷം പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി സുരക്ഷ ജീവനക്കാരൻ അവരുടെ കാറിന്‍റെ ഫോട്ടോ മൊബൈൽഫോണിൽ പകർത്തി. ഇതിനിടെ ഗുരുതരമായി പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി.
അശുപത്രി അധികൃതരുടെ പരാതിയിൽ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. കുട്ടിയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നരബലി, ദുർമന്ത്രവാദം നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷനിയമം അനുസരിച്ചുള്ള വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസ് എടുത്തായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.