അന്വേഷണസംഘത്തെ വീണ്ടും പറ്റിച്ച് പ്രതി രാജേന്ദ്രൻ; മാലയുടെ ലോക്കറ്റ് കണ്ടെത്താനായില്ല
text_fieldsതിരുവനന്തപുരം: അമ്പലംമുക്ക് വിനീത കൊലക്കേസിൽ അന്വേഷണസംഘത്തെ വീണ്ടും തെറ്റിദ്ധരിപ്പിച്ച് പ്രതി രാജേന്ദ്രൻ. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ്നാട്ടിലെ കാവൽക്കിണറിലുണ്ടെന്ന രാജേന്ദ്രന്റെ മൊഴിയെ തുടർന്ന് പൊലീസ് ഇന്നലെ കാവൽകിണറിലെ ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയിൽ മുറിവേറ്റിരുന്നു. ഇതിന് പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ഒ.പി ടിക്കറ്റ് രാജേന്ദ്രൻ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽനിന്ന് കണ്ടെത്തി.
ദിവസങ്ങൾക്ക് മുമ്പ് രാജേന്ദ്രനുമായി അഞ്ചുഗ്രാമത്തിലെത്തിയ അന്വേഷണസംഘം സ്വകാര്യ പണയസ്ഥാപനത്തിൽനിന്ന് വിനീതയുടെ സ്വർണ മാല എടുത്തെങ്കിലും അതിൽ ലോക്കറ്റുണ്ടായിരുന്നില്ല. ലോക്കറ്റ് ഒളിവിൽ താമസിച്ച ലോഡ്ജിലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിങ്കളാഴ്ച രാജേന്ദ്രനുമായി പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
കൊലപാതകത്തിനുപയോഗിച്ച കത്തി മുട്ടടയിലെ കുളത്തിൽ ഉപേക്ഷിച്ചെന്ന രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. കൊലപാതക സമയത്ത് ധരിച്ച ഷർട്ട് മാത്രമാണ് കണ്ടെത്തിയത്. കത്തി ഓട്ടോയിൽ രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ചെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ അന്വേഷണസംഘത്ത വിദഗ്ദമായി കബളിപ്പിക്കുകയാണ് രാജേന്ദ്രൻ. ഇനിയും പ്രധാന തെളിവുകള്‍ കണ്ടെത്താൻ പൊലീസിന് വിശദമായ അന്വേഷണം നടത്തേണ്ടിവരും.
അമ്പലംമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വർണം കൈക്കലാക്കാൻ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞമാസം ആറിനായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.