ബൈക്കിലെത്തി മാല കവർച്ച: നാലുപേർ പിടിയില്‍
text_fieldsഒല്ലൂര്‍: ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തര്‍ജില്ല മോഷ്ടാക്കളായ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊടകര പൊന്തവളപ്പില്‍ ബിനു (40), മലപ്പുറം മൊറയൂര്‍ ആനകല്ലിങ്കല്‍ വീട്ടില്‍ സുബൈര്‍ (25), മഞ്ചേരി പയ്യനാട് പള്ളത്തില്‍ മേലെതോടി ഷിയാസ് (25), മഞ്ചേരി ആമയൂര്‍ കടവന്‍ വീട്ടില്‍ നിസാര്‍ (31) എന്നിവരാണ് പിടിയിലായത്.
ജൂണ്‍ 20ന് ഒല്ലൂര്‍ ഇളംതുരുത്തി മേല്‍പാലം റോഡിലൂടെ പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് മുതല്‍ ആലപ്പുഴ വരെ ആറ് ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത മുപ്പതോളം കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്ന പ്രതികൾ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ഇളംതുരുത്തിയിലെ മോഷണത്തിനു ശേഷം തൃശൂരിലെത്തിയ ഇവര്‍ നഗരത്തിലെ നിരീക്ഷണ കാമറകളില്‍ കുടുങ്ങിയിരുന്നു.
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമായത് തുടക്കത്തില്‍ അന്വേഷണത്തെ ബാധിച്ചെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെ ഇവരുടെ സഞ്ചാര വഴികള്‍ പരിശോധിച്ച് മുണ്ടക്കയം, മണ്ണാര്‍ക്കാട്, കോഴിക്കോട്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒല്ലൂര്‍ അസി. കമീഷണര്‍ കെ.സി. സേതു, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി കെ.സി. സുമേഷ്, സീനിയര്‍ സി.പി.ഒ കെ.ജി. പ്രദീപ്, സി.പി.ഒമാരായ കെ.ബി. സുനീബ്, എ.ജെ. ജിന്സന്, സി.പി. റിന്സണ്, റെസിന്‍ വി. ചെറിയാന്, നവീന്‍കുമാര്‍, കെ. അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.