വയോധികയുടെ മാല കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഹരിപ്പാട്: മോഷ്ടിച്ച ബൈക്കിലെത്തി വയോധികയുടെ അഞ്ച് പവെന്‍റ മാല കവർന്ന കേസിലെ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് കീഴാറ്റിങ്കൽ ചരുവിള വീട്ടിൽ അക്ബർ ഷാ(45), ആലപ്പുഴ താമരക്കുളം റംസാൻ മൻസിലിൽ സജേഖാൻ എന്ന സഞ്ജയ് ഖാൻ (38) എന്നിവരെയാണ് കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31ന് ഉച്ചക്കാണ് സംഭവം. ചേപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ നിൽക്കുകയായിരുന്ന വയോധികക്ക് ബൈക്കിലെത്തി വിസിറ്റിങ് കാർഡ് നൽകി വഴി ചോദിച്ചശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു. തുടർന്ന് കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികൾ ഉപയോഗിച്ച ബൈക്ക് പാസ്പോർട്ട് ഓഫിസിൽ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. ആഗസ്റ്റ് 30ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽനിന്നും മോഷ്ടിച്ച ബൈക്കാണിത്. വയോധികക്ക് നൽകിയ ഡിണ്ടിഗൽ സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡ് പ്രതികളുടെ തമിഴ്നാട് ബന്ധം പൊലീസ് സംശയിച്ചു. 300ൽപരം സി.സി.ടി.വി ദൃശ്യങ്ങളും നൂറിലധികം ലോഡ്ജുകളും തമിഴ്നാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
നേരത്തേ നിരവധി കേസുകളിൽ പ്രതികളാണിവർ. ബാംബൂ കർട്ടൻ വിൽപനക്ക് നടക്കുന്ന സജേഖാൻ അക്ബർഷായെ വിളിച്ചു വരുത്തിയശേഷം ഇരുവരും ബസിൽ കൊട്ടാരക്കര എത്തി ബൈക്ക് മോഷ്ടിച്ചു.
തുടർന്ന് വ്യാജ നമ്പറിെൻറ സ്റ്റിക്കർ ഒട്ടിച്ചശേഷം അതുമായി കൊച്ചിയിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിക്കുകയായിരുന്നു. വടക്കൻ ജില്ലക്കാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചു. പൊട്ടിച്ച മാല വിറ്റ തുക പങ്കിട്ടശേഷം അക്ബർഷാ തമിഴ്നാട് ഏർവാടിയിൽ പോയി താമസിച്ചു. അടുത്ത ദിവസം മറ്റൊരുമോഷണം ആസൂത്രണം നടത്തുന്നതിനിടെ താമരക്കുളത്തെ വാടകവീട്ടിൽനിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. പത്തനംതിട്ടയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. കരീലക്കുളങ്ങര സി.ഐ. എം. സുധിലാൽ, എസ്.ഐ. ഷമ്മി സ്വാമിനാഥൻ, പൊലീസുകാരായ എസ്.ആർ. ഗിരീഷ്, മണിക്കുട്ടൻ, സജീവ്, വിനീഷ്, ഇയാസ് ഇബ്രാഹിം, ഷാജഹാൻ, ദീപക്, വിഷ്ണു, അരുൺ എന്നിവർ അന്വേഷണത്തിന് നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.