വള്ളംകളിക്കിടെ കള്ളക്കളി: പൊലീസ് പ്രതിക്കൂട്ടിൽ, ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി
text_fieldsആലപ്പുഴ: നെഹ്റു ട്രോഫിയിൽ പങ്കെടുത്ത് ആരോപണങ്ങളേറ്റുവാങ്ങിയ കേരള പൊലീസ് ടീം വീണ്ടും പ്രതിക്കൂട്ടിൽ. മാന്നാറിൽ നടന്ന മഹാത്മാഗാന്ധി ജലോത്സവത്തിൽ വിജയത്തോടടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് പൊലീസ് ടീമിലെ തുഴച്ചിലുകാരൻ വീഴ്ത്തിയതാണ് വിവാദമായത്. പൊലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനിലെ തുഴച്ചിലുകാരനാണ് തള്ളിയിട്ടത്.
ഫൈനലിൽ വീയപുരം ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടനെ പിന്നിലാക്കി നിരണം ചുണ്ടനാണ് വിജയിച്ചത്. രണ്ടുവള്ളപ്പാട് മുമ്പുവരെ ചെറുതനയായിരുന്നു മുന്നിൽ. അതിനിടെ നിരണം ചുണ്ടനിലെ ഒരു തുഴച്ചിലുകാരൻ ചെറുതനയുടെ അമരക്കാരനായ പ്രദീപിനെ പങ്കായത്തിന് തള്ളിയിട്ടതായാണ് ആരോപണം. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഘാടകസമിതിക്കു മുന്നിൽ പരാതി പറയാനെത്തിയ ചെറുതനയുടെ തുഴച്ചിലുകാരെ പൊലീസ് മർദിച്ചതായും ആരോപണമുണ്ട്. ചെറുതനയുടെ അമരക്കാരനെ പൊലീസ് ബോട്ട് ക്ലബിലെ തുഴച്ചിലുകാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടി. പൊലീസ് ബോട്ട് ക്ലബിന്റെ ചുമതലയുള്ള ആലപ്പുഴ എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമൻഡന്റിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. നിരണം ചുണ്ടന്റെ മൂന്നാം ട്രാക്കിലേക്ക് ചെറുതന ചുണ്ടൻ കടന്നു കയറിയെന്നാണ് പൊലീസ് ഭാക്ഷ്യം.
നെഹ്റു ട്രോഫി വള്ളംകളിയിൽ പൊലീസിനെതിരെ കള്ളക്കളി ആരോപണം നിലനിൽക്കെയാണ് പുതിയ സംഭവം. പൊലീസ് ടീമിനെതിരെ കലക്ടർക്ക് പരാതി ലഭിച്ചിട്ടുണ്ട്. തെക്കനോടി വിഭാഗത്തിൽ മത്സരിച്ച ദേവസ് വള്ളം തുഴഞ്ഞത് ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് ക്യാപ്റ്റനായ ടീമാണ്. മത്സരത്തിന്റെ ആരംഭം മുതൽ ദേവസായിരുന്നു മുന്നിൽ. പൊലീസ് വനിത ടീം തുഴഞ്ഞ സാരഥി വള്ളമാണ് തൊട്ടുപിന്നിലുണ്ടായിരുന്നത്. ഇടക്ക് ദേവസ് വള്ളത്തിലെ അമരക്കാരായ ഷിബു, അജയഘോഷ്, വിനീഷ്, സുനിൽകുമാർ എന്നിവർ കായലിലേക്കു ചാടി. വള്ളത്തിന്റെ നിന്ത്രണം തെറ്റുകയും അവർ ഏറ്റവും പിന്നിലായിപ്പോവുകയും ചെയ്തു. പൊലീസ് ടീം വള്ളപ്പാടുകൾക്കു മുന്നിൽ വിജയിക്കുകയും ചെയ്തു. ഈ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ടാണ് സൗമ്യരാജും വൈസ് ക്യാപ്റ്റൻ ബീന രമേശും കലക്ടർ, സബ് കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകിയത്. നെഹ്റു ട്രോഫി മത്സരത്തിൽ ചമ്പക്കുളം ചുണ്ടനിൽ പൊലീസ് പുരുഷ വിഭാഗം മത്സരിച്ചെങ്കിലും നാലാംസ്ഥാനക്കാരായിരുന്നു.
മഹാത്മ ജലോത്സവം: കൈയാങ്കളിക്ക് പിന്നിൽ സംഘാടന പിഴവും
ചെങ്ങന്നൂർ: മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിൽ നിരണം, ചെറുതന ചുണ്ടൻ വള്ളങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങൾക്ക് കാരണം സംഘാടനത്തിലെ പിഴവുകളാണെന്ന് വള്ളംകളി പ്രേമികൾ. അതിശക്തമായ ഒഴുക്ക് നിലനിൽക്കുന്നതിനാൽ വള്ളംകളിക്ക് പറ്റിയ സമയമായിരുന്നില്ല. മാറ്റിവെക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ഉയരുന്നത്. വ്യക്തമായി ട്രാക്ക് നിശ്ചയിച്ച് അടയാളങ്ങൾ സ്ഥാപിക്കാതെയാണ് മത്സരം നടത്തിയത്. മൂന്ന് ട്രാക്കുകളിലായിട്ടായിരുന്നു മത്സരം. സ്റ്റാർട്ടിങ് പോയന്റ് മുതൽ ഫിനിഷിങ് പോയന്റുവരെ വ്യക്തമാക്കുന്ന രീതിയിൽ ട്രാക്ക് തിരിച്ചിരുന്നില്ല.
നിരണം ചുണ്ടൻ തുഴഞ്ഞ പൊലീസ് ക്ലബും ചെറുതന തുഴഞ്ഞ ബോട്ടും തമ്മിലാണ് തർക്കങ്ങളുണ്ടായത്. നദിയിൽ ജലനിരപ്പ് ഉയർന്ന കാരണത്താൽ കുത്തൊഴുക്കുണ്ടായിരുന്നു. ഇക്കാരണത്താൽ വള്ളങ്ങൾ നിയന്ത്രണത്തിലാക്കുന്നതിൽ വീഴ്ചയുണ്ടായി.
ആറിന്റെ തെക്കേയറ്റമായ മൂന്നാം ട്രാക്കിൽ കൂടിയാണ് നിരണം തുഴഞ്ഞിരുന്നത്. ഫിൻഷിങ് പോയന്റിന് 100 മീറ്റർ മാത്രം അടുത്തിരിക്കെയാണ് നിരണം ചുണ്ടനിലെ തുഴച്ചിലുകാരൻ ചെറുതനയുടെ പങ്കായക്കാരനെ വള്ളത്തിൽനിന്ന് തള്ളിയിട്ടത്. കുറെ വർഷങ്ങളായി മഹാത്മ ജലോത്സവം അടുക്കും ചിട്ടയുമില്ലാതെയാണ് സംഘടിപ്പിക്കുന്നതെന്ന് ശക്തമായ ആക്ഷേപമുണ്ട്. 1970ലാണ് മഹാത്മ ജലോത്സവത്തിനു തുടക്കം കുറിക്കുന്നത്. ആ സമയങ്ങളിൽ ഫിനിഷിങ് പോയന്റ് വരെ വ്യക്തമാക്കുന്ന ട്രാക്കുകൾ തിരിച്ചാണ് ജലോത്സവം നടത്തിയിരുന്നത്.
അന്ന് ജലോത്സവ വേദിയും മറ്റും ആലപ്പുഴ ജില്ലയിലെ മാന്നാർ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. കുറച്ചുകാലങ്ങളായി ജലോത്സവ വേദിയും മറ്റും പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലേക്ക് മാറ്റി.ഒരേ ട്രാക്കിൽ വള്ളങ്ങൾ കയറിവന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മൂന്നു ട്രാക്കും വ്യക്തമായി വേർതിരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.