സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു
text_fieldsന്യൂഡൽഹി: നിരവധി കൊലപാതക കേസുകളിൽ പ്രതിയായ ചാൾസ് ശോഭരാജ് ജയിൽ മോചിതനാവുന്നു. നേപ്പാൾ സുപ്രീംകോടതിയാണ് ഇതുസംബന്ധിച്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1970കളിൽ ഏഷ്യയിൽ നടന്ന നിരവധി കൊലപാതക കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
രണ്ട് വടക്കേ അമേരിക്കൻ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ 2003ൽ നേപ്പാളിൽ അറസ്റ്റിലാവുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഇയാളെ മോചിപ്പിക്കുന്നത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് നേപ്പാൾ സർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. 18 വർഷം ജയിലിൽ കഴിഞ്ഞ ശോഭരാജിനെ മോചിപ്പിച്ച് കൂടെയെന്ന് ചോദിച്ചായിരുന്നു നോട്ടീസ്. മോചനം ആവശ്യപ്പെട്ട് ചാൾസ് കോടതിയെ സമീപിച്ചിരുന്നു.
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലെത്തി യു.എസ് പൗരൻമാരായ കോണി ജോ ബോറോസിച്ച്, ലൗറൻറ് കാരി എന്നിവരെ ചാൾസ് ശോഭരാജ് കൊലപ്പെടുത്തുകയായിരുന്നു. ബിക്കിനി കില്ലർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശോഭരാജ് 1970കളിൽ ദക്ഷിണേഷ്യയിൽ 12ഓളം കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.
ടൂറിസ്റ്റുകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. മയക്കുമരുന്ന് നൽകി വിനോദസഞ്ചാരികളെ ബോധരഹിതരാക്കിയതിന് ശേഷം മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മോഷണത്തിനിടെ ഇരകളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.