പുതുവത്സര ദിനത്തിലെ അക്രമം; നിരവധി കേസുകളിലെ പ്രതികൾ അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: പുതുവത്സര ആഘോഷത്തിനിടെ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. ചിറയിൻകീഴ് പഴഞ്ചിറപറ കുന്നിൽവീട്ടിൽ അനിൽകുമാർ എന്ന പൃഥി (37), കീഴാറ്റിങ്ങൽ ഏലാപുറം പുത്തൻവിളയിൽ കൊച്ചുകാമ്പൂർ വീട്ടിൽ ബിജു (43), നിലയ്ക്കാമുക്ക് മണ്ണാത്തി മൂലയിൽ വയലിൽ തിട്ട വീട്ടിൽ സൈജു (43), എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി ഒന്നിന് പുലർച്ചെ ഒന്നിന് കടയ്ക്കാവൂർ തിനവിള ലക്ഷംവീട് അംഗൻവാടിക്ക് സമീപം പുതുവത്സര ആഘോഷം നടത്തുകയായിരുന്ന സംഘത്തിനുനേരെ മദ്യലഹരിയിൽ ബൈക്കോടിച്ചുകയറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഇത് ചോദ്യംചെയ്ത കീഴാറ്റിങ്ങൽ തിനവള മുളക്കോട് ചരൂവിള പുത്തൻവീട്ടിൽ ഷിജിത്ത് (22), സുഹൃത്തുക്കളായ നവീൻ (21), കാർത്തിക് (22) എന്നിവരെ ഗുരുതരമായി കുത്തിപ്പരിക്കേൽപിച്ചു.
ഇവരുടെ നിലവിളി കേട്ട് അക്രമം തടയാനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മൂന്നംഗസംഘം മർദിച്ചു. ഗുരുതര പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവനന്തപുരം റൂറൽ എസ്.പി ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ്.എസ്, സിവിൽ പൊലീസ് ഓഫിസർമാരായ ജ്യോതിഷ് കുമാർ, ബാലു, അനീഷ്, ഗിരീഷ്, സിയാദ്, ശ്രീഹരി, അനിൽ കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ഓടിച്ചിരുന്ന ബൈക്കും ആയുധങ്ങളും കണ്ടെടുത്തു. അറസ്റ്റിലായവർക്കെതിരെ കടയ്ക്കാവൂർ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.