ബിഹാറിലെ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കവർന്നു; പ്രസവിച്ച് 20 മണിക്കൂറിനകമാണ് സംഭവം
text_fieldsപട്ന: ബിഹാറിലെ സർക്കാർ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. ബെഗുസാറായ് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. പ്രസവിച്ച് 20 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്.
പ്രായമായ ഒരു സ്ത്രീ കുഞ്ഞുമായി ആശുപത്രിയിൽ നിന്ന് കടന്നുകളയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീ നവജാത ശിശുക്കളുടെ പ്രത്യേക വാർഡിൽ പ്രവേശിക്കുന്നതും ആൺ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് റോഡിലൂടെ നടന്നുപോവുകയാണ്.
ലോഹ്യ നഗറിൽ താമസിക്കുന്ന നന്ദിനി ദേവിയുടെ കുഞ്ഞിനെയാണ് കാണാതായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി 10.30നാണ് നന്ദിനി ദേവി പ്രസവിച്ചത്. അതിനു ശേഷം കുഞ്ഞിനെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിനെ കാണാനായി ഞായറാഴ്ച രാവിലെ വാർഡിലെത്തിയപ്പോഴാണ് ദമ്പതികൾ ഞെട്ടിപ്പോയത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് അവനെ അവസാനമായി കണ്ടതെന്നും പിതാവ് പറയുന്നു. നഴ്സിനെയാണ് കുഞ്ഞിനെ ഏൽപിച്ചതെന്നും വാർഡിലെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല എന്നുമുള്ള കാര്യങ്ങൾ തുടർന്ന് ദമ്പതികൾ ആശുപത്രി അധികൃതരെ അറിയിച്ചു. ഒരുപാടാളുകൾ ആശുപത്രിയിൽ വരുന്നുണ്ടെന്നും അവരെ തിരിച്ചറിയാൻ പ്രയാസമാണ് എന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതിനെ കുറിച്ച് ആശുപത്രിയിലെ ജീവനക്കാരും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.