സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു; നിലമ്പൂർ രാധ വധക്കേസ് വീണ്ടും സജീവമാകുന്നു
text_fieldsനിലമ്പൂർ: ഏറെ വിവാദങ്ങൾക്കിടയാക്കിയ നിലമ്പൂർ രാധ വധക്കേസ് സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചതോടെ വീണ്ടും സജീവമാകുന്നു. കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രതികളെ വെറുതെവിട്ട ഹൈകോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജീവപര‍്യന്തം ശിക്ഷ വിധിച്ച മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് പ്രതികളെ ഹൈകോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഹൈകോടതി നിരീക്ഷണം. എന്നാൽ, സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജറാക്കിയ വസ്തുതകളും ശരിയാംവിധം വിലയിരുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരിയായിരുന്ന ചിറക്കൽ രാധ (49) 2014 ഫെബ്രുവരിയിലാണ് ഈ ഓഫിസിൽ കൊല്ലപ്പെട്ടത്. ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം 10ന് ചുള്ളിയോട് ഉണ്ണിക്കുളത്തെ കുളത്തില്‍ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോൺഗ്രസ് ഓഫിസ് സെക്രട്ടറിയും മുൻമന്ത്രി ആര‍്യാടൻ മുഹമ്മദിന്‍റെ പേഴ്സനൽ സ്റ്റാഫുമായ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഓഫിസ് അടിച്ചുവാരാനെത്തിയ രാധയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിലാക്കി കുളത്തില്‍ ഉപേക്ഷിച്ചെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു. ബിജുവിന്‍റെ രഹസ്യബന്ധങ്ങള്‍ പുറത്തുപറയുമെന്ന് രാധ പറഞ്ഞതോടെ ഷംസുദ്ദീന്‍റെ സഹായത്തോടെ ബിജു കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടാംപ്രതിയുടെ വീട്ടിൽനിന്ന് രാധയുടെ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. കേസ് അട്ടിമറിക്കുന്നെന്നും ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആരോപണമുയർന്നതോടെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നിലമ്പൂരിലെത്തുകയും കേസ് ഉയർന്ന റാങ്കിലുള്ള വനിത ഉദ‍്യോഗസ്ഥ അന്വേഷിക്കണമെന്ന് ആവശ‍്യപ്പെടുകയും ചെയ്തു. ഇതോടെ അന്നത്തെ എ.ഡി.ജി.പി ഡോ. ബി. സന്ധ‍്യയുടെ നേതൃത്വത്തിലുള്ള പ്രത‍്യേക സംഘം ഏറ്റെടുത്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം 2043 പേജ്
കേസിൽ തയാറാക്കിയ 2043 പേജുള്ള കുറ്റപത്രത്തിൽ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍. 172 സാക്ഷികളുള്ള കേസിൽ 108 സാക്ഷികളെ വിസ്തരിച്ചു. ഇവരുടെ മൊഴികള്‍ നിര്‍ണായക തെളിവുകളായി കോടതി രേഖപ്പെടുത്തി.
ശാസ്ത്രീയ അന്വേഷണവും ഡി.എന്‍.എ പരിശോധനഫലവും തെളിവായി പ്രോസിക്യൂഷന്‍ ഹാജറാക്കി. ആഗസ്റ്റ് 29ന് മഞ്ചേരി ഒന്നാം അഡീഷനൽ സെഷന്‍സ് കോടതി ജഡ്ജി പി.എസ്. ശശികുമാര്‍ മുമ്പാകെ ആരംഭിച്ച വിചാരണ നവംബര്‍ 29നാണ് അവസാനിച്ചത്. സംഭവത്തിനു മുമ്പ് വാഹനമിടിപ്പിച്ചും സയനൈഡ് നല്‍കിയും രാധയെ കൊലപ്പെടുത്താന്‍ ബിജു പദ്ധതിയിട്ടിരുന്നു. ഇക്കാര്യങ്ങള്‍ തെളിയിക്കാനാവശ്യമായ രേഖകളും പ്രോസിക്യൂഷന്‍ ഹാജറാക്കി. ഒന്നാംപ്രതി ബിജുവിന്‍റെ ഭാര്യസഹോദരി ഷീബ, രണ്ടാം പ്രതി ഷംസുദ്ദീന്‍റെ ഭാര്യ ജസ്‌ല, ഭാര്യമാതാവ് സുബൈദ എന്നിവരുള്‍പ്പെടെ നാല് സാക്ഷികളാണ് വിചാരണവേളയില്‍ കൂറുമാറിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പുതിയ നിയമം നിലവില്‍വന്ന ശേഷം മഞ്ചേരി കോടതി കൈകാര്യം ചെയ്ത പ്രധാന കേസായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.