വ്യാജ ബാങ്കുകളുടെ ഒമ്പത് ശാഖകൾ; തമിഴ്നാട്ടിൽ യുവാവ് അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ വ്യാജ ബാങ്കുകളുടെ ഒമ്പത് ശാഖകൾ നടത്തിയ യുവാവ് അറസ്റ്റിൽ. എം.ബി.എ ബിരുദധാരിയായ ചെന്നൈ ആയിരംവിളക്ക് ചന്ദ്രബോസാണ് (42) അറസ്റ്റിലായത്. റൂറൽ അഗ്രികൾച്ചറൽ ഫാർമേഴ്സ് കോഓപറേറ്റിവ് (ആർ.എ.എഫ്.സി) ബാങ്ക് എന്ന പേരിൽ അനധികൃതമായി സ്ഥാപിച്ച ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതിയുണ്ടെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് പ്രവർത്തിച്ചിരുന്നത്. റിസർവ് ബാങ്ക് അസി. ജനറൽ മാനേജർ നൽകിയ പരാതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പൊലീസാണ് ചെന്നൈ അമ്പത്തൂരിലെ വി.ജി.എൻ ബ്രെന്റ് പാർക്കിനടുത്തുള്ള ബാങ്കിന്റെ ഹെഡോഫിസിൽ റെയ്ഡ് നടത്തിയത്. ഓഫിസിൽ നിന്ന് രേഖകളും ചന്ദ്രബോസിന്റെ ആഡംബര കാറും പിടിച്ചെടുത്തു. പ്രതിയെ നവംബർ 18 വരെ റിമാൻഡ് ചെയ്തു.
ആർ.ബി.ഐയുടെ അംഗീകാര സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചിരുന്നു. ചെന്നൈക്ക് പുറമെ തിരുവണ്ണാമലൈ, തിരുമംഗലം, സേലം, ഈറോഡ്, നാമക്കൽ, കള്ളക്കുറിച്ചി, വിരുതാചലം, പെരമ്പലൂർ എന്നിവിടങ്ങളിലാണ് ശാഖകൾ പ്രവർത്തിച്ചിരുന്നത്. അംഗത്വ ഫീസായി 700 രൂപ ഈടാക്കി. അക്കൗണ്ടിൽ 500 രൂപ ബാലൻസ് ഉള്ള ഉപഭോക്താക്കൾക്ക് ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകുമെന്ന് അറിയിച്ചിരുന്നു. സാധാരണ ബാങ്കുകളിലേതുപോലെ പാസ്ബുക്കുകൾ, പിൻവലിക്കൽ സ്ലിപ്പുകൾ, നിക്ഷേപ സ്ലിപ്പുകൾ, റബർ സ്റ്റാമ്പുകൾ, കെ.വൈ.സി ഫോറങ്ങൾ എന്നിവയും പ്രത്യേക നിക്ഷേപ പദ്ധതികളും ഉണ്ടായിരുന്നു.
പ്രാഥമികാന്വേഷണത്തിൽ ഒമ്പത് ശാഖകളിലായി 3,000ത്തോളം അക്കൗണ്ടുകളിലായി 1000 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതി ചന്ദ്രബോസിന്റെ 57 ലക്ഷം രൂപ നിക്ഷേപമുള്ള സ്വകാര്യ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. അന്വേഷണം പുരോഗമിക്കയാണെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണർ ശങ്കർ ജിവാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.