ഹാഥറസ് മോഡൽ ഡൽഹിയിലും; ഒമ്പതുകാരിയെ ശ്മശാനത്തിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബലമായി സംസ്കരിച്ചു
text_fieldsന്യൂഡൽഹി: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലമായി സംസ്കരിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മതപുരോഹിതനെയും മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. നീതി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മതപുരോഹിതനായ രാധേശ്യാമിനൊപ്പം ശ്മശാനത്തിലെ ജീവനക്കാരായ സാലിം, ലക്ഷ്മിനാരായൺ, കുൽദീപ് എന്നിവരാണ് അറസ്റ്റിലായത്.
ഡൽഹി കേന്റാൺമെന്റ് പ്രദേശത്തെ ശ്മശാനത്തോട് ചേർന്നുള്ള പുരാന നംഗലിലെ നിർധന കുടുംബത്തിലെ അംഗമാണ് മരിച്ച കുട്ടി. കഴിഞ്ഞ ദിവസം വൈകീട്ട് ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളം കുടിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല.
ശ്മശാനത്തിലെ പുരോഹിതനായ രാധേശ്യാമിന്‍റെ ചില അടുപ്പക്കാർ വൈകീട്ട് ആറ് മണിക്ക് കുട്ടിയുടെ മാതാവിനെ ശ്മശാനത്തിലേക്ക് വിളിപ്പിച്ച് മൃതദേഹം കാണിച്ചുകൊടുക്കുകയായിരുന്നു. കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കടിക്കുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.
കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുകളുണ്ടായിരുന്നുവെന്നും ചുണ്ട് നീല നിറമായി മാറിയിരുന്നതായും കുട്ടിയുടെ അമ്മ പറഞ്ഞു.
പൊലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുമെന്നും അവയവങ്ങൾ മോഷണം പോകുമെന്നും പുരോഹിതൻ അമ്മയോട് പറഞ്ഞു. ഉടനെ മൃതദേഹം സംസ്കരിക്കണമെന്നും അവരോട് ആവശ്യപ്പെട്ടു.
തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞതോടെയാണ് അയൽക്കാർ വിവരമറിഞ്ഞത്. ഇതോടെ ശ്മശാനത്തിന് സമീപം നാട്ടുകാർ ഒത്തുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വൈകുന്നേരം വരെ ഗ്രാമീണർ പ്രതിഷേധവുമായി തടിച്ചുകൂടി.
പോക്സോ, എസ്.സി/എസ്.ടി നിയമങ്ങൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.