കൊള്ളക്കാർ വരുന്നതായി വിവരം ലഭിച്ചു, രഹസ്യമായി പിന്തുടർന്നു; എ.ടി.എം കവർച്ചക്കിടെ പിടികൂടിയത് ഉത്തരേന്ത്യൻ സംഘത്തെ
text_fieldsതിരുവനന്തപുരം: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ എ.ടി.എം കൊള്ള നടത്തിവന്ന വൻ മോഷണ സംഘത്തെ സിറ്റി പൊലീസ് പിടികൂടി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ദേവേന്ദ്ര സിങ് (24), കാൺപൂർ കല്യാൺപൂർ സ്വദേശി വികാസ് സിങ് (21) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ് നടത്തിയ രഹസ്യ നീക്കത്തിൽ പിടികൂടിയത്.
എ.ടി.എം മെഷീനുകളിൽ കൃത്രിമം നടത്തിയാണ് ഇവർ വൻതോതിൽ പണം തട്ടിയിരുന്നത്. പൊലീസ് സംഘത്തിന് ഉത്തരേന്ത്യൻ തട്ടിപ്പുസംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും ആ സമയം ഇവർ ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണെന്നും കണ്ടെത്തി. സ്പെഷല്‍ ടീം കേരള അതിര്‍ത്തിയില്‍നിന്ന് ട്രെയിനുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ രണ്ടംഗസംഘത്തെ കണ്ടെത്തുകയും ഇവരെ രഹസ്യമായി പിന്തുടരുകയും ചെയ്തു.
കൊല്ലത്തിറങ്ങിയ സംഘം കൊല്ലം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ കയറി കവർച്ച നടത്തുമ്പോഴാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം സിറ്റി സ്പെഷല്‍ ടീം ഇവരെ പിടികൂടിയത്.
സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ഡി.സി.പി അങ്കിത് അശോകന്‍, നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ഷീൻ തറയിൽ, എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, എ.എസ്.ഐ സാബു തുടങ്ങിയവരുടെ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.