എ.ടി.എം തട്ടിപ്പുമായി കറങ്ങിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ
text_fieldsകൊല്ലം: എ.ടി.എമ്മുകളിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് പണം തട്ടുന്ന ഉത്തരേന്ത്യൻ സംഘത്തെ കൊല്ലം-തിരുവനന്തപുരം സിറ്റി സ്പെഷൽ സ്ക്വാഡുകളും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. ഉത്തർപ്രദേശ് കാൺപൂർ ഗദംപൂർ പുരൽഹർ സ്വദേശി ദേവേന്ദ്ര സിങ് (24), കാൺപൂർ നഗർ കല്യാൺപൂർ പങ്കി റോഡ് 49 സിയിൽ വികാസ് സിങ് (21) എന്നിവരാണ് പിടിയിലായത്. കൊല്ലം കടപ്പാക്കട, ശങ്കേഴ്സ് എ.ടി.എമ്മുകളിൽനിന്ന് തട്ടിയ 61,860 രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ എ.ടി.എമ്മുകളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായും പണത്തിലെ ഒരുഭാഗം തിരികെ എ.ടി.എമ്മുകളിലൂടെ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഒറ്റദിവസം കൊണ്ട് രണ്ട് എ.ടി.എമ്മുകളിൽനിന്ന് ഇവർ 1.4 ലക്ഷം രൂപ പിൻവലിച്ചു.
പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുള്ള എ.ടി.എമ്മുകളിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ എ.ടി.എമ്മുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം സ്ക്വാഡ് നിരീക്ഷിക്കുന്നതിനിടെ ഇവർ കൊല്ലത്തേക്ക് കടക്കുകയായിരുന്നു. കൊല്ലം സിറ്റി പരിധിയിലെ എ.ടി.എമ്മുകൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിനിടയിൽ മെഷീനുകളുടെ പ്രവർത്തനം പ്രത്യേക രീതിയിൽ അൽപനേരത്തേക്ക് തകരാറിലാക്കി പണം കവരുകയാണ് ചെയ്യുന്നത്. വലിയ സംഖ്യകൾ നഷ്ടപ്പെടാതിരുന്നതിനാൽ ബാങ്ക് അധികൃതർ ഗൗരവം കാട്ടാതിരുന്നതാണ് തട്ടിപ്പ് വ്യാപകമാകാൻ കാരണം. ഒരു സ്ഥലത്തും കൂടുതൽ ദിവസം തങ്ങാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇവർ പൊലീസിന്റെ കൈയിൽ അകപ്പെട്ടില്ല. കൊല്ലം സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.