‘കുറുപ്പ്’ മോഡൽ കൊലയല്ല, അതിനുമപ്പുറം; അറസ്റ്റിലായത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ
text_fieldsഹൈദരാബാദ്: 7.4 കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ‘കുറുപ്പ്’ മോഡൽ കൊല നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ. 1984ൽ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് കേരളത്തിൽ സുകുമാരക്കുറുപ്പ് കൊലനടത്തിയതെങ്കിൽ അതേരീതിയിലാണ് കോടികൾ തട്ടിയെടുക്കാൻ 39 വർഷങ്ങൾക്ക് ശേഷം കൊലപാതം ആവർത്തിച്ചിരിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’ എന്ന സിനിമയിറങ്ങി ഒരു വർഷത്തിന് ശേഷമാണ് സമാന രീതിയിൽ കൊലപാതകം അരങ്ങേറിയത്.
തെലങ്കാന സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ പാത്ത് ലോത്ത് ധർമ നായിക് (44) ആണ് സ്വന്തം ഡ്രൈവറെ കൊലപ്പെടുത്തി പത്താം ദിനം പിടിയിലായത്. ഭാര്യയുടെയും സഹോദരിയുടെയും മരുമകന്റെയുമെല്ലാം പിന്തുണയോടെയായിരുന്നു കൊലപാതകവും തുടർന്നുള്ള ‘നാടക’വും.
ജനുവരി ഒമ്പതിന് രാവിലെയാണ് മേഡക് ജില്ലയിലെ വെങ്കട്പുരിൽ വഴിയോരത്ത് ഒരു കാർ കത്തിയ വിവരം അതുവഴി പോയ പാൽക്കാരൻ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി കാർ പരിശോധിച്ചു. റോഡിൽനിന്ന് മാറി സമീപത്തെ കുഴിയിലേക്ക് വീണ് കാറിന് തീപിടിച്ചതാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം ഉടമയായ ധർമ നായികിന്റേതാണെന്ന് ബന്ധുക്കൾ ‘തിരിച്ചറിയുകയും’ ചെയ്തു. മൂന്നാം തീയതി വാങ്ങിയ കാറിൽ ഭാര്യ നീലയോടൊപ്പം അഞ്ചിന് വെങ്കട്പുരിലേക്ക് പോയ ധർമ അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംസ്കാരവും നടത്തി.
എന്നാൽ, കത്തിക്കരിഞ്ഞ കാറിന് സമീപത്തു നിന്ന് പെട്രോൾ കുപ്പി ലഭിച്ചതാണ് കേസിൽ ട്വിസ്റ്റുണ്ടാക്കിയത്. ഒപ്പം ധർമയുടെ വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്ന് ലഭിക്കുകയും ചെയ്തു. ഈ അതിബുദ്ധിയാണ് ധർമയെ കുടുക്കിയത്. പിറ്റേ ദിവസം, ധർമയോട് സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ കാമറയിൽ കണ്ടത് സംശയം ഇരട്ടിപ്പിച്ചു. ഇതോടെ, പൊലീസ് ധർമയുടെ ബന്ധുക്കളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു. ധർമയുടെ പേരിൽ പുതുതായി ചേർന്ന ഏഴ് കോടിയിലേറെ രൂപയുടെ പോളിസികൾ ഉണ്ടെന്ന് ഇൻഷുറൻസ് കമ്പനി നൽകിയ വിവരവും നിർണായകമായി. സംസ്കാരം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ നീലയുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. പഞ്ചായത്ത് ഓഫിസിൽനിന്ന് ധർമയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങി ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കാനായിരുന്നു നിർദേശം. ഇതോടെ, ധർമ മരിച്ചിട്ടില്ലെന്നും മറ്റാരോ ആണ് കൊല്ലപ്പെട്ടതെന്നും പൊലീസ് ഉറപ്പിച്ചു. അജ്ഞാത ഫോൺ കോൾ ട്രാക്ക് ചെയ്ത പൊലീസ് സംഘം പുണെയിൽ എത്തിയപ്പോൾ ‘മരിച്ച’ ധർമ കൺമുമ്പിലെത്തി.
ഓഹരി വ്യാപാരത്തിൽ പണമിറക്കി 2018ൽ 85 ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായ ധർമ, 25 ഇൻഷുറൻസ് പോളിസികളിലൂടെ 7.4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്ത ശേഷം ഒരു വർഷത്തോളമായി കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നു. ഏതാനും മാസം മുമ്പ് അൻജയ്യ എന്നൊരാളെ കൊലപ്പെടുത്താനായി കണ്ടെത്തുകയും ചെയ്തു. എന്നാൽ, കൊലപാതകത്തിന് പദ്ധതിയിട്ട ദിവസം അൻജയ്യ മദ്യപിച്ചിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. മദ്യപിച്ചുണ്ടാകുന്ന അപടകത്തിന് ഇൻഷുറൻസ് ലഭിക്കില്ലെന്ന ഭയമാണ് ഇതിൽനിന്ന് പിന്തിരിപ്പിച്ചത്. തുടർന്നാണ് നിസാമാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് താനുമായി സാദൃശ്യമുള്ള ബാബു എന്നൊരാളെ ധർമ കണ്ടെത്തിയത്.
മരുമകൻ ശ്രീനിവാസിനൊപ്പം അയാളെ കാറിൽകയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിക്കുകയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധർമയുടെ ഭാര്യ നീല, സഹോദരി സുനന്ദ, മരുമകൻ ശ്രീനിവാസ് എന്നിവരെയും അറസ്റ്റ് ചെയ്തതായി എസ്.പി രോഹിണി പ്രിയദർശിനി പറഞ്ഞു.
ദുൽഖർ സൽമാൻ നായകനായ മലയാള സിനിമ ‘കുറുപ്പ്’ മാതൃകയാക്കിയ കൊലപാതകമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിക്കുന്നത്. സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകവുമായി ഈ കുറ്റകൃത്യത്തിനുള്ള സാദൃശ്യവും മാധ്യമങ്ങൾ നിരത്തി. കുറുപ്പ് സിനിമയുടെ തെലുങ്ക് പതിപ്പ് 2021 നവംബറിലാണ് പുറത്തിറങ്ങിയത്.
1984 ജനുവരി 22നാണ് എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് ആലപ്പുഴ സ്വദേശിയും ഫിലിം റെപ്രസന്റേറ്റീവുമായ എൻ.ജെ. ചാക്കോ എന്നയാളെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേർന്ന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ട് കത്തിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സുകുമാരക്കുറുപ്പ് ഒഴികെ മറ്റെല്ലാ പ്രതികളെയും പിടികൂടിയെങ്കിലും കുറുപ്പിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.