കൊളഗപ്പാറയിൽ 100 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവം: കുപ്രസിദ്ധ കുറ്റവാളി സീസി ജോസും കൂട്ടാളികളും അറസ്റ്റിൽ
text_fieldsസുൽത്താൻ ബത്തേരി: കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് കൊളഗപ്പാറക്കടുത്ത് വട്ടത്തിമൂലയിലെ ആദിവാസി കോളനിയിൽനിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി സീസി ജോസും കൂട്ടാളികളും അറസ്റ്റിൽ.
ആന്ധ്രയിലെ ലോഡ്ജിൽനിന്നാണ് ഇവരെ ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങൾ പിടികൂടിയത്. ബുധനാഴ്ച രാത്രി പിടികൂടിയ പ്രതികളെ വ്യാഴാഴ്ച വെളുപ്പിന് സുൽത്താൻ ബത്തേരി സ്റ്റേഷനിൽ എത്തിച്ചു.
സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളം പുൽപാറയിൽ സീസി ജോസ് എന്ന പി.യു. ജോസഫ് (51), കൂട്ടാളികളായ മലപ്പുറം മുണ്ടക്കര ഷൗക്കത്ത് (44), തമിഴ്നാട് ഉദർനഗർ കാർത്തിക് മോഹൻ (32) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ കാക്കിനടയിലെ ലോഡ്ജ് വളഞ്ഞാണ് ഇവരെ പിടികൂടിയത്. ചെറുത്തുനിൽക്കാനൊരുങ്ങിയ ഇവരെ ആന്ധ്ര പൊലീസിെൻറ സഹായത്തിൽ ജില്ല ലഹരി വിരുദ്ധ പ്രത്യേക സേന കീഴ്പ്പെടുത്തുകയായിരുന്നു.
വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ് പി.യു. ജോസഫ് എന്ന് വയനാട് പൊലീസ് മേധാവി അരവിന്ദ് സുകുമാർ പറഞ്ഞു. കൊളഗപ്പാറയിലെ ആദിവാസി കോളനിയിലെ കൃഷ്ണൻകുട്ടിയുടെ വീട്ടിലായിരുന്നു ജോസഫ് കഞ്ചാവ് സൂക്ഷിക്കാൻ ഏൽപിച്ചിരുന്നത്. ഇതിന് കൃഷ്ണൻകുട്ടിക്ക് പ്രതിഫലവും കൊടുത്തിരുന്നു. കൃഷ്ണൻകുട്ടിയെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ആറ് മാസത്തിലേറെയായി പൊലീസ് ജോസഫിനായി അന്വേഷണം നടത്തിവരുകയായിരുന്നു. താമസ സ്ഥലങ്ങളും ഫോണും സിംകാർഡുകളും നിരന്തരമായി മാറ്റിയിരുന്ന ജോസഫിനെ കണ്ടെത്തുക ശ്രമകരമായിരുന്നു. ആന്ധ്രയിലുണ്ടെന്ന് സൂചന ലഭിച്ചതോടെ മൂന്നു ദിവസം മുമ്പ് ആറംഗ പൊലീസ് സംഘം അങ്ങോട്ടു പുറപ്പെട്ടു. നിലവിൽ 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് പി.യു. ജോസഫ്.
ഇതിൽ ഒരു കൊലപാതക കേസും ഉൾപ്പെടും. മലപ്പുറം സ്വദേശിയായ ഷൗക്കത്തിനെ തിരുനെല്ലി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിൽ പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. സുൽത്താൻ ബത്തേരി എസ്.ഐ ജെ. ഷജിം, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ സന്തോഷ്, എം.എ. അനസ്, ആഷ്ലി, ഹോം ഗാർഡ് ബിനീഷ് എന്നിവരാണ് ആന്ധ്രയിൽ പോയ ജില്ല ലഹരിവിരുദ്ധ സേനയിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.