50 പവനും രണ്ടു ലക്ഷവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
text_fieldsകായംകുളം: നഗരമധ്യത്തിലെ വീട് കുത്തിത്തുറന്ന് 50 പവനും രണ്ടു ലക്ഷം രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് പട്ടുവം ദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിലാണ് (30) പൊലീസ് പിടിയിലായത്.
പെരിങ്ങാല ചക്കാല കിഴക്കതിൽ വീട്ടിൽ ഹരിദാസിന്‍റെ വീട്ടിൽനിന്ന് കഴിഞ്ഞ നാലിന് സന്ധ്യക്കായിരുന്നു മോഷണം. വീട്ടുകാർ രണ്ട് വീടുകൾക്കപ്പുറമുള്ള വീട്ടിൽ ഓണ പരിപാടിക്ക് പോയി തിരികെ വന്നപ്പോഴാണ് മോഷണം അറിയുന്നത്.
അടുക്കള വാതിൽ പൊളിച്ച് അകത്തുകയറിയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇസ്മായിൽ കഴിഞ്ഞ രണ്ടിനാണ് പുറത്തിറങ്ങിയത്. മൂന്നിന് പത്തനംതിട്ടയിലുള്ള പെൺസുഹൃത്തിനെ കാണാനെത്തിയ ഇയാൾ പത്തനാപുരത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടറിലാണ് കായംകുളത്ത് എത്തിയത്.
ആളില്ലാതിരുന്ന വീട് നോക്കിയാണ് മോഷണം നടത്തിയത്. പിന്നീട് അടൂർ ഭാഗത്തേക്ക് പോയ ഇയാൾ സ്കൂട്ടർ അടൂരിൽ ഉപേക്ഷിച്ചശേഷം ബസിൽ കോഴിക്കോട്ട് എത്തി ലോഡ്ജിൽ താമസിച്ചു. ഇവിടെനിന്നും മോഷണ സ്വർണം വിൽക്കാൻ കണ്ണൂർ ടൗണിലുള്ള ജ്വല്ലറിയിലെത്തിയപ്പോഴാണ് കണ്ണൂർ ടൗൺ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. കണ്ണൂരിലുള്ള സ്ഥാപനത്തിൽ പണയംവെച്ചതും താമസിച്ചിരുന്ന ലോഡ്ജിൽ സൂക്ഷിച്ചിരുന്നത് ഉൾപ്പെടെ മുഴുവൻ സ്വർണവും പണവും കണ്ടെടുത്തു.
പ്രത്യക്ഷ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നിരവധി മോഷണക്കേസിൽ ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.