മുംബൈയിൽ കരയാതിരിക്കാൻ നവജാത ശിശുവിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ച നഴ്സിന് സസ്പെൻഷൻ
text_fieldsമുംബൈ: മൂന്നു ദിവസം പ്രായമായ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് നഴ്സ് ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രി ബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിൽ ജൂൺ രണ്ടിനാണ് സംഭവം നടന്നത്. ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയുടെ കുഞ്ഞിന്റെ ചുണ്ടിലാണ് നഴ്സ് പ്ലാസ്റ്റർ ഒട്ടിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ആശുപത്രി അധികൃതർ നഴ്സിനെ സസ്പെൻഡ് ചെയ്തു.
രാത്രി കുഞ്ഞിന് പാലു നൽകാൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് വന്ന അമ്മ കുഞ്ഞിന്റെ ചുണ്ടിൽ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടു. പ്ലാസ്റ്റർ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാൻ നഴ്സ് തയാറായില്ല. അടുത്ത ദിവസം രാവിലെ എട്ടിനു വന്ന് മുലപ്പാൽ നൽകാനായിരുന്നു നഴ്സിന്റെ നിർദേശം.
കുഞ്ഞിന് രണ്ടുമണിക്കൂർ ഇടവിട്ട് പാൽ നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. ഇക്കാര്യം പറഞ്ഞിട്ടും നഴ്സ് പ്ലാസ്റ്റർ മാറ്റാൻ തയാറായില്ല. രാത്രി ഒരുമണിക്ക് വീണ്ടും എത്തിയെങ്കിലും നഴ്സ് കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റർ നീക്കിയില്ല. ഉടൻ സ്ഥലം കോർപറേറ്ററായ ജാഗ്യതി പാട്ടീലിനെ വിവരമറിയിച്ചപ്പോൾ അവരെത്തി പ്ലാസ്റ്റർ മാറ്റുകയായിരുന്നു.
മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേ രീതിയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നതായും പ്രിയ പറഞ്ഞു. കോർപറേറ്ററുടെ പരാതിയിൽ ആശുപത്രി അധികൃതർ നഴ്സിനെതിരെ കേസെടുത്തു. സംഭവത്തിൽ മുംബൈ മുനിസിപ്പൽ കോർപറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.