വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsപള്ളിക്കൽ: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി യുവാക്കളിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കടയ്ക്കൽ പുല്ലുപണ തടത്തിൽ വീട്ടിൽ ശ്രീജിത്തിനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരുടെ പരാതിയാലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് 70,000 രൂപ വീതമാണ് വാങ്ങിയിരുന്നത്. സോഷ്യൽ മീഡിയവഴി പ്രമുഖ കമ്പനികളിലേക്ക് ജോലി വാഗ്ദാ നം നൽകി യുവാക്കളെ ആകർഷിക്കുകയാണ് പതിവ്. ജോലി അന്വേഷിച്ച് നടക്കുന്ന യുവാക്കൾ ഇയാളുടെ പരസ്യത്തിൽ ആകൃഷ്ടരായി ബന്ധപ്പെടും. തുടർന്ന് കാര്യങ്ങൾ വിശ്വസിപ്പിച്ചശേഷം മൂന്നുഘട്ടമായി പണം തരണമെന്ന് ആവശ്യപ്പെടും. ഗൂഗ്ൾപേ വഴിയാണ് പണം നൽകാൻ ആവശ്യപ്പെടുക. ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലെറ്റർ അയച്ചുകൊടുക്കും.
രണ്ടാംഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനക്കുള്ള രേഖ നൽകും. മൂന്നാംഘട്ട പണം ജോലി ലഭിച്ചതിനുശേഷം തന്നാൽ മതി എന്നാണ് പറയുക. രണ്ടു ഘട്ടമായി പണം കൈക്കലാക്കി ശ്രീജിത്ത് മുങ്ങുകയാണ് പതിവ്. നിലമ്പൂർ, പോത്തുകൽ, പാലോട്, പാങ്ങോട്, നഗരൂർ, കടയ്ക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പ് കേസ് നിലവിലുണ്ട്. പള്ളിക്കൽ സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ശ്രീജിത്ത് പി, എസ്.ഐമാരായ എം. സഹിൽ, ബാബു, സി.പി.ഒ രാജീവ്, ബിനു, അജീസ്, വിനീഷ്, സിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.