സി.ഐ.ടി.യു. ജില്ല കമ്മിറ്റിയുടെ 3.60 ലക്ഷവുമായി ഓഫിസ് സെക്രട്ടറി മുങ്ങി
text_fieldsപത്തനംതിട്ട: സി.ഐ.ടി.യു. ജില്ല കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ ഓഫിസ് സെക്രട്ടറി തട്ടിയെടുത്തു. ജില്ല സെക്രട്ടറി, ഖജാൻജി എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ജെ. അജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസ് കേസെടുത്തു. കഴിഞ്ഞ ജൂണിൽ സെക്രട്ടറി പി.ജെ. അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ പിൻവലിച്ചു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു.
മൂന്ന് വർഷത്തോളമായി ഇയാൾ ഓഫിസ് സെക്രട്ടറിയുടെ ചുമതല വഹിച്ചു വരികയായിരുന്നു. പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. തുടർന്ന് അഖിൽ സജീവിനെ ഓഫിസ് ചുമതലയിൽനിന്ന് നീക്കി. പൊലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതിയെ അന്വേഷിച്ച് ഇന്നലെ പൊലീസ് വീട്ടിൽ എത്തിയെങ്കിലും ഉണ്ടായിരുന്നില്ല. ഒളിവിൽ പോയ പ്രതിക്കുവേണ്ടി അന്വേഷണം നടക്കുന്നതായി സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.