ഹൈറേഞ്ചിൽ വീണ്ടും നായാട്ട് സംഘങ്ങൾ വിലസുന്നു
text_fieldsഅടിമാലി: ഹൈറേഞ്ചിലെ വനങ്ങളിലും കൃഷിയിടങ്ങളിലും നായാട്ടുസംഘങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. നായാട്ട് സംഘങ്ങള്‍ വനത്തിന്റെയും അതിര്‍ത്തി പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിട്ടും വനംവകുപ്പ് നിർജീവമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ നായാട്ടുമായി ബന്ധപ്പെട്ട് നിരവധിപേരാണ് പിടിയിലായത്. ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മാന്‍കൊമ്പുകള്‍ പിടിച്ചതിന് പുറമെ വെള്ളിയാഴ്ച മൂന്നാറില്‍ ആനത്തേറ്റയുമായി മൂന്നംഗസംഘത്തെയും പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം മച്ചിപ്ലാവ് സ്റ്റേഷന് പരിധിയിൽ കാട്ടുപോത്തിന്റെ തലയും അവശിഷ്ടവും കണ്ടെത്തി. ഇതിനെ നായാട്ട് സംഘം കൊന്നതാണെന്ന നിഗമനത്തില്‍ അന്വേഷണം നടക്കുകയാണ്. രണ്ടുമാസം മുമ്പ് അടിമാലി മച്ചിപ്ലാവില്‍ വീട്ടില്‍നിന്ന് കാട്ടുപന്നി ഇറച്ചി പിടികൂടിയിരുന്നു. ഇതിനുശേഷം മേഖലയില്‍ കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ രണ്ടുപേരെയും വനപാലകര്‍ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ഇത്തരത്തില്‍ വേറെയും സംഘങ്ങള്‍ ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുന്നില്ല. കഴിഞ്ഞവര്‍ഷം മാങ്കുളത്ത് പുലിയെ വേട്ടയാടി കൊന്ന് കറിവെച്ച സംഭവവും ഉണ്ടായിരുന്നു.
വനംവകുപ്പ് അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മറയൂര്‍, കാന്തലൂര്, മാങ്കുളം, അടിമാലി, ദേവികുളം, മൂന്നാര്‍ റേഞ്ച് പരിധികളിലെ വനമേഖലകളിലാണ് മൃഗവേട്ട കൂടുതലായി നടക്കുന്നത്. കൂടാതെ ആനക്കുളം, നേര്യമംഗലം റേഞ്ചുകളിലും മൃഗവേട്ട നടക്കുന്നുവെന്നതാണ് വിവരം. വനമേഖലയോട് ചേര്‍ന്ന കൃഷിയിടങ്ങളിലാണ് വേട്ടസംഘങ്ങള്‍ പിടിമുറുക്കുന്നതില്‍ കൂടുതലും. കള്ളത്തോക്കുകളും കുടുക്കും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ വൈദ്യുതി ഷോക്ക് നല്‍കിയും വന്യജീവികളെ പിടിക്കുന്നു. കര്‍ഷകര്‍ അറിയാതെയാണ് മൃഗങ്ങളെ വേട്ടയാടാന്‍ കൃഷിയിടങ്ങളില്‍ അനധികൃതമായി വൈദ്യുതി കമ്പിയും കുടുക്കും സ്ഥാപിക്കുന്നത്. കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ പലരും ഇങ്ങനെ ചെയ്യാറുണ്ട്. കേഴ ,മ്ലാവ്, പോത്ത്, ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങളെയാണ് കൂടുതലായി വേട്ടയാടുന്നത്. വേട്ടക്കാര്‍ക്ക് വനംവകുപ്പിലെ ജീവനക്കാര്‍ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. ഇടുക്കിയില്‍ രണ്ടുവര്‍ഷത്തിനിടെ നിരവധി കള്ളത്തോക്കുകള്‍ പിടികൂടിയിരുന്നു. ഇവ നായാട്ടിനാണ് ഉപയോഗിച്ചതെന്ന് പറഞ്ഞെങ്കിലും തുടർ നടപടികളും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.