ഒന്നരക്കോടിയുടെ തട്ടിപ്പ്: ബാങ്ക് മാനേജർ അറസ്റ്റിൽ
text_fieldsകോട്ടയം: സ്വകാര്യ ബാങ്കിൽ അക്കൗണ്ടുള്ള വയോദമ്പതികളിൽനിന്ന് ഒന്നരക്കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജർ അറസ്റ്റിൽ. ഏറികാട് മന്നാപറമ്പിൽ റെജി ജേക്കബിനെയാണ് (41) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കളത്തിപ്പടിയിലെ സ്വകാര്യ ബാങ്കിൽ മാനേജറായിരുന്ന ഇയാൾ വിദേശത്തായിരുന്ന (കളത്തിപ്പടിയിൽ താമസം) വയോദമ്പതികളിൽനിന്ന് 1,62,25000 രൂപയാണ് തട്ടിയെടുത്തത്.
മുമ്പ് ഇതേ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിലെ മാനേജറായിരുന്ന ഇയാൾ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ വിദേശത്ത് താമസിച്ചുവന്നിരുന്ന ഇവരുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചിരുന്നു. തുടർന്ന് കളത്തിപ്പടി ബ്രാഞ്ചിലേക്ക് ഇയാൾക്ക് സ്ഥലംമാറ്റം കിട്ടിയ കാലയളവിലാണ് ദമ്പതികൾ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. തുടർന്ന് വിദേശത്തുള്ള മക്കൾക്ക് പണം അയക്കുന്നതിന് ഇവർ മാനേജരെ സമീപിക്കുകയും, ഇയാള്‍ ബാങ്കിന്റേതായ വിവിധ കാരണങ്ങൾ പറഞ്ഞ് ഇവരില്‍നിന്ന് ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും മറ്റും കൈക്കലാക്കുകയുമായിരുന്നു. ഇത് ദുരുപയോഗപ്പെടുത്തിയാണ് ഏറ്റുമാനൂർ, കളത്തിപ്പടി ബ്രാഞ്ചുകളിലുള്ള ഇവരുടെ അക്കൗണ്ടുകളിൽനിന്ന് 2021 മുതൽ 2023 വരെ പലതവണകളായി വൻ തുക റെജി ജേക്കബിന്റെ സുഹൃത്തുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്ക് അയച്ചത്.
തുടർന്ന് ദമ്പതികൾ ബാങ്കിനെ സമീപിക്കുകയും ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾ 22 ലക്ഷം രൂപ തിരികെ നൽകുകയും ചെയ്തു. എന്നാൽ, ബാക്കി തുക നൽകാതെ ഇയാൾ ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിൽ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.