ഒന്നരവയസ്സുകാരിയുടെ മരണം: ചൈല്‍ഡ് ലൈൻ പ്രതിക്കൂട്ടിൽ
text_fieldsഅങ്കമാലി: എറണാകുളത്തെ ലോഡ്ജില്‍ ഒന്നരവയസ്സുകാരിയുടെ മരണത്തിൽ ചൈല്‍ഡ് ലൈൻ പ്രതിക്കൂട്ടിൽ. മരിച്ച നോറ മരിയയും സഹോദരൻ ലെനിനും പിതാവ് സജീവിന്റെയും പിതൃമാതാവ് സിപ്സിയുടെയും സംരക്ഷണയിൽ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടി നൽകി പരാതികൾ അവഗണിക്കപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും നിരുത്തരവാദിത്തമാണ് കുരുന്നിന്റെ ജീവന് അതിദാരുണമായി പൊലിയാന്‍ ഇടയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഡിക്സി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. കുഞ്ഞുങ്ങൾ സിപ്സിയുടെയും മറ്റും കൈയില്‍ സുരക്ഷിതരല്ലെന്ന് വാര്‍ഡ് മെംബറും രേഖാമൂലം ചൈല്‍ഡ് ലൈനിൽ അറിയിച്ചിരുന്നു. ഡിക്സി വിദേശത്ത് പോകുന്നതിന് മുമ്പാണ് അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍, ഡിക്സി നാട്ടില്‍ ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി ചൈല്‍ഡ് ലൈന്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കിയില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്ന് വ്യക്തമായ നിർദേശം ലഭിച്ചില്ലെന്നുമുള്ള ന്യായങ്ങൾ നിരത്തിയാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്.
കൊലചെയ്യപ്പെട്ട നോറ മരിയയുടെ മാതാപിതാക്കളായ സജീവും ഡിക്സിയും പ്രണയ വിവാഹിതരായിരുന്നു. സജീവിന്റെയും അമ്മ സിപ്സിയുടെയും ഉപദ്രവം സഹിക്കാതെ വന്നതോടെയാണ് ഒരുവര്‍ഷം മുമ്പ് കറുകുറ്റി കേബിള്‍നഗര്‍ കോളനിയിലെ താമസക്കാരിയായ ഡിക്സി വേര്‍പിരിഞ്ഞത്. എങ്കിലും ബന്ധം വേർപെടുത്തിയിരുന്നില്ല.
നോറ മരിയയെയും അഞ്ചുവയസ്സുള്ള മൂത്ത മകന് ലെനിനെയും ഡിക്സിക്ക് നല്‍കാതെ സജീവും സിപ്സിയും ഒപ്പം നിര്‍ത്തുകയായിരുന്നു. സജീവും സിപ്സിയും പലതവണ കഞ്ചാവ് കേസിലും അടിപിടി കേസിലും അറസ്റ്റിലായിട്ടുണ്ട്. സിപ്സിയുടെ ഭര്‍ത്താവ് ഷാജി ഒരുവര്‍ഷം മുമ്പ് മരണപ്പെട്ടു. ഇളയ മകനും കുടുംബവും അകന്നാണ് കഴിയുന്നത്.
പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി ഡിക്രൂസ് സിപ്സിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇരുവരും വീട്ടിലും പുറത്തും വഴക്ക് പതിവായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യത്തിനും ലഹരിക്കും അടിപ്പെട്ട സിപ്സി പോകുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോകുമായിരുന്നു. ഇതേതുടർന്നാണ് മാതാവ് ഡിക്സിയും പഞ്ചായത്ത് അംഗവും ചൈൽഡ് ലൈനിൽ പരാതി നൽകിയത്.
'അവർ എന്റെ കുഞ്ഞിനെ കൊന്നതാണ്...'
കൊച്ചി: കുഞ്ഞിനെ ഭർത്താവിന്റെ വീട്ടുകാർ കൊന്നതാണെന്ന് അമ്മ ഡിക്സി. നാട്ടിൽ വരുമ്പോൾ കുഞ്ഞിനെ താൻ കാണില്ലെന്ന് ഭർത്താവും അമ്മയും പറഞ്ഞിരുന്നെന്നും ഡിക്സി മാധ്യമങ്ങളോട് പറഞ്ഞു. താൻ വരുന്നതിന്റെ തലേദിവസംതന്നെ കൊലപ്പെടുത്തിയത് അതിനാലാണ്. അവർക്ക് വരുന്ന ദിവസം അറിയാമായിരുന്നു. ''കുഞ്ഞിനെ ഇനി നീ കാണില്ലെ''ന്ന് പറയുന്ന വോയ്സ് മെസേജുകൾ തന്റെ കൈവശമുണ്ട്.
ഭർത്താവും അമ്മയും അറസ്റ്റിലായ ബിനോയിയും അയച്ച വോയ്സ് മെസേജുകളാണ് കൈയിലുള്ളത്. മക്കളെ നന്നായിട്ട് നോക്കാത്തതുകൊണ്ട് താൻ പണം അയച്ചുകൊടുക്കുന്നത് നിർത്തിയിരുന്നു. അതിന്റെ പേരിൽ ഭർത്താവും അമ്മയും തന്നോട് ദേഷ്യത്തിലായിരുന്നു. ഭർതൃമാതാവ് സിപ്സി കുഞ്ഞിനെയുമായി പല സ്ഥലങ്ങളിലും പോകാറുണ്ടെന്ന് അറിഞ്ഞിരുന്നു. ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്തി.
ഇതോടെ കുഞ്ഞിനെ തിരിച്ചുതരണമെന്ന് പറഞ്ഞ് പലതവണ കേസുകൊടുത്തെങ്കിലും എല്ലാം വെറുതെയായിരുന്നു. തന്റെ അമ്മയുടെ അടുത്ത് കുഞ്ഞിനെ നിർത്തിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കുട്ടിയെ ഒന്ന് വിളിക്കാൻ പോലും ഭർത്താവ് സമ്മതിച്ചിരുന്നില്ല. വർഷങ്ങളായി ബിനോയ് സിപ്സിയുടെ കൂടെയാണ് താമസിക്കുന്നത്. ബിനോയിക്കെതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ, അതിലും നടപടിയുണ്ടായില്ലെന്ന് ഡിക്സി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.