ഉപേക്ഷിച്ചിട്ട് ഒന്നര വർഷം; ദുരൂഹത നിറഞ്ഞ് ഈ കാർ
text_fieldsപയ്യന്നൂർ: ഒന്നര വർഷമായി റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഉടമയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കാങ്കോൽ സ്വദേശികൾ. അനാഥാവസ്ഥയിലുള്ള കാറിനെക്കുറിച്ച് പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് കെ.എൽ 13 ടി. 7815 എന്ന രജിസ്റ്റർ നമ്പറുള്ള അധികം പഴക്കമില്ലാത്ത ഫിയറ്റ് പാലിയോ കാർ കാങ്കോൽ ചീമേനി റോഡിൽ എത്തിയത്. ഒരു ദിവസം പകൽ കാർ റോഡിൽ ഓഫായതായി നാട്ടുകാർ പറയുന്നു.
കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ കാർ തള്ളി വായനശാലക്കു സമീപം റോഡരികിലേക്ക് മാറ്റിയിട്ടു. ഉടൻ എത്തി കൊണ്ടുപോകാമെന്നു പറഞ്ഞ് കാറിലുണ്ടായിരുന്നവർ സ്ഥലം വിട്ടു. കാർ നിർത്തിയിട്ടശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പൊലീസ് പരിശോധിച്ചു കാർ മാറ്റാനോ അന്വേഷിച്ച് ഉടമയെ കണ്ടെത്താനോ തയാറായില്ല. ലക്ഷങ്ങൾ വില വരുന്ന കാർ റോഡരികിൽ ഉപേക്ഷിച്ചതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അന്വേഷിച്ച് നിജഃസ്ഥിതി കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. മാത്രമല്ല, റോഡരികിൽ നിർത്തിയിട്ടതു കാരണം മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതമാവുന്നു. മാസങ്ങൾക്കു മുമ്പ് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് കാറിന്റെ പിറകിൽ ഇടിക്കുകയും ചെയ്തു. ഒന്നര വർഷം കഴിഞ്ഞിട്ടും ദുരൂഹത നീങ്ങാത്തതിലുള്ള പ്രതിഷേധത്തിലാണ് സമീപവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.