കല്ലമ്പലം കൊലപാതകങ്ങൾ: മദ്യപ സുഹൃത് സംഘത്തിലെ ഒരാൾ അറസ്റ്റിൽ
text_fieldsവർക്കല: കല്ലമ്പലം കൊലപാതക പരമ്പരയിലെ അന്വേഷണം പുരോഗമിക്കവേ ഒരാൾ അറസ്റ്റിലായി. കല്ലമ്പലം മണമ്പൂർ കണ്ണങ്കര പുന്നയ്ക്കാട്ടു വീട്ടിൽ മോൻകുട്ടൻ എന്നുവിളിക്കുന്ന സജീവ്കുമാർ (51) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലപ്പെട്ട അജികുമാറിന്‍റെയും അജിത്തിന്‍റെയും സുഹൃത് സംഘത്തിൽപ്പെട്ടയാളും ഇവരുടെ സ്ഥിരം മദ്യപസംഘത്തിലുള്ളയാളുമാണ്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ജില്ല റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥ് അറിയിച്ചു.
അജികുമാറിന്‍റെയും അജിത്തിന്‍റെയും മരണങ്ങൾ കൊലപാതകമാണ്. കേസന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഭയന്നാണ് ബിനുരാജ് കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. അജിത്ത് കൊല്ലപ്പെടുന്നത് 31ന് രാത്രിയിൽ വണ്ടിയിടിച്ചാണ്. അജികുമാർ കൊല്ലപ്പെട്ട ദിവസം രാത്രിയിലും സുഹൃത്തുക്കളായ പടയപ്പ വിനോദ്, പ്രമോദ്, അജിത്ത്, അജി, ജാക്വിലിൻ, സജീവകുമാർ എന്നിവർ ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ ഇവർ അജികുമാർ കൊല്ലപ്പെട്ടതിനേക്കുറിച്ച് ചർച്ചയായി. അജികുമാറിന്‍റെ മരണ കാരണം സജികുമാറിന് അറിയാമെന്ന് മറ്റ് സുഹൃത്തുക്കൾ സംശയിച്ചു. ഇതേത്തുടർന്ന് മദ്യപസംഘം തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയേറ്റത്തിലും വെല്ലുവിളിയിലും കലാശിച്ചു. തുടർന്ന് സംഘം പിരിഞ്ഞുപോയി.
നടന്നുപോയ സംഘത്തിന് പിന്നാലെയെത്തിയ സജീവ്കുമാർ പിക് അപ് ഓടിച്ചുകയറ്റി. പിക് അപ് കയറിയിറങ്ങിയ അജിത്ത് തൽക്ഷണം മരിച്ചു. ഗുരുതര പരിക്കുകളോടെ പ്രമോദും, ചില്ലറ പരിക്കുകളോടെ ജാക്വിലിനും ആശുപത്രിയിലാണ്. രണ്ട് സംഭവത്തിലും കല്ലമ്പലം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അജിത്തിനെ വണ്ടിയിച്ച് കൊലപ്പെടുത്തിയ കേസ്സിൽ സജീവ്കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. അജികുമാറിന്‍റെ മരണം കൊലപാതകമാണെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങളിലൂടെ ലഭിച്ച ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമെന്ന് റൂറൽ എസ്.പി പറഞ്ഞു.എന്നാൽ അജികുമാറിനെ ആരാണ് കൊലപ്പെടുത്തിയതെന്നും എന്തിനാണെന്നും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനായി അന്വേഷണം തുടരുന്നുണ്ട്.
അജികുമാർ കൊല്ലപ്പെട്ടത് തിങ്കളാഴ്ചയാണ്. അന്നു രാത്രി തന്നെ മദ്യപ സുഹൃത് സംഘത്തിലുൾപ്പെട്ട അജിത്തും സംഘത്തിലെ മറ്റൊരു സുഹൃത്തിനാൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ദേശീയപാതയിൽ സംഘത്തിലെ മറ്റൊരു സുഹൃത്ത് ബിനുരാജ് ബസ്സിടിച്ച് മരിക്കുന്നു. മൂന്നു സംഭവങ്ങളും ആദ്യ കൊലപാതകത്തിന്‍റെ തുടർച്ചയും പരസ്പരം ബന്ധപ്പെട്ടതുമാണെന്ന് പൊലീസ് അദ്യമേ ഉറപ്പിച്ചിരുന്നു. പക്ഷേ തെളിവുകൾ ലഭിക്കാനായി സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ബിനുരാജ് ബസ്സിടിച്ച് മരിക്കുന്നത്. ഇതോടെ കല്ലമ്പലം മേഖലയാകെ ഭീതിയിലുമായി. പൊലീസ് ക്രിയാത്മകമല്ലെന്ന ആരോപണവും ഉണ്ടായി.
എന്നാൽ, ബിനുരാജിലേക്ക് പൊലീസ് എത്തുന്നത് മനസ്സിലാക്കിയാണ് ഇയാൾ ബസ്സിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. ഇയാൾ ബസ്സിനു മുന്നിലേക്ക് ചാടിയതാണെന്നു പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. അജികുമാറിന്‍റെ കൊലപാതകത്തെക്കുറിച്ച് പൊലീസിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടത്രെ. അജികുമാർ അയൽവാസിയായ ബിനുരാജും മറ്റുചില സുഹൃത്തുക്കളുമായും കടുത്ത ശത്രുത ഉണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു ഉൽസവവുമായി ബന്ധപ്പെട്ട് 12 വർഷം മുന്നേ തടന്ന പ്രശ്നത്തിന്മേലുള്ള വൈരാഗ്യത്തേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
30ന് രാത്രിയിൽ ഒരുമിച്ച് മദ്യപിച്ച ശേഷം സംഘത്തിലെ എല്ലാവരും മടങ്ങിപ്പോയിരുന്നു. വിപിനും ബിനുരാജും ഒരുമിച്ചിരുന്നിടത്തേക്ക് അയൽവാസിയായ അജികുമാർ എത്തിയതും വാക്കേറ്റമുണ്ടായതും വിപിൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വിപിനെ വീട്ടിലാക്കിയശേഷം ബിനുരാജ് അജികുമാറിന്‍റെ അടുത്തേക്ക് മടങ്ങിപ്പോയിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇതുകൂടാതെ മറ്റുചില ശാത്രീയ തെളിവുകളും ലഭിച്ചുവെന്നും റൂറൽ എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.