പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ചുരുളഴിയുന്നു; ഫിസിയോതെറപിസ്റ്റ് പിടിയിൽ
text_fieldsകൊല്ലം തഴുത്തലയിൽനിന്ന് പതിനാലുകാരനെ തമിഴ്നാട്ടിൽ നിന്നെത്തിയ ക്വട്ടേഷൻ സംഘം കാറിൽ കടത്തിക്കൊണ്ടുപോയ സംഭവത്തിന്റെ ചുരുളഴിയുന്നു. പണമിടപാടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാരണമാക്കിയതെന്നാണ് വിവരം. ക്വട്ടേഷൻ കൊടുത്ത ഫിസിയോതെറപ്പിസ്റ്റ് പിടിയിലായി. ഇയാളിൽനിന്ന് സംഭവത്തെക്കുറിച്ചുള്ള പൂർണരൂപം പൊലീസിന് ലഭിച്ചു.
കിഴവൂർ ഫാത്തിമ മൻസിലിൽ താമസിച്ചുവരവെ കുട്ടിയുടെ മാതാവും സഹോദരിയും ചേർന്ന് അടുത്തുള്ള, ബന്ധുവായ വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ കടമായി വാങ്ങിയിരുന്നു. മറ്റൊരാളെ സഹായിക്കാനാണ് പണം വാങ്ങിയതെന്നാണ് ഇവർ പറയുന്നത്. എന്നാൽ, പറഞ്ഞ സമയത്ത് പണം തിരികെ കൊടുത്തില്ല. അതിനാലാണ് ബന്ധുവിന്റെ മകനായ ഫിസിയോതെറപിസ്റ്റ് തമിഴ്നാട്ടുകാരായ സംഘത്തിന് ഒരുലക്ഷം രൂപക്ക് ക്വട്ടേഷൻ കൊടുത്തത്. ക്വട്ടേഷന്‍ ലഭിച്ച് രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഫിസിയോതെറപ്പിക്ക് തമിഴ്നാട്ടിൽ പഠിച്ചിരുന്ന ബന്ധം ഉപയോഗിച്ച് അവിടെയുള്ള മറ്റൊരു ഫിസിയോതെറപിസ്റ്റിനെ കൊണ്ട് ക്വട്ടേഷൻ കൊടുത്തു.
തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് തഴുത്തല വാലിമുക്കിന് കിഴക്കുവശമുള്ള വാടകവീട്ടിൽനിന്ന് സഹോദരിയെയും അയൽവാസിയെയും ആക്രമിച്ച് പതിനാലുകാരനെ തോർത്തിൽ മരുന്ന് പുരട്ടി മുഖത്തുെവച്ച ശേഷം തട്ടക്കൈാണ്ടുപോയത്. അടുത്തുള്ള നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൂവാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറശാലയിൽ ഓട്ടോയിൽ പോകുകയായിരുന്ന ബിജുവിനെ കുട്ടിക്കൊപ്പം പിടികൂടിയത്.
കാറിൽ വെച്ച് തനിക്ക് മയക്കുഗുളിക നൽകി ബോധരഹിതനാക്കിയെന്നും ബോധം തെളിഞ്ഞ തന്നെ കാറിൽ നിന്നിറക്കി വലിച്ചുകൊണ്ടുപോകുകയായിരുന്നെന്നും കുട്ടി പറയുന്നു. അവയവ മാഫിയ ആണോയെന്നായിരുന്നു ആദ്യസംശയം. നിലവില്‍ ഒരാള്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതിനായി തമിഴ്നാട് പൊലീസുമായി യോജിച്ചുള്ള ഓപറേഷനാണ് കേരള പൊലീസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.