ഒരുകിലോ സ്വർണക്കവർച്ച: കുപ്രസിദ്ധ ക്വട്ടേഷൻ നേതാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: ബംഗാൾ സ്വദേശിയിൽനിന്ന് 1.2 കി.ഗ്രാം സ്വർണം മോഷ്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ സംഘത്തലവൻ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്മാളനിലത്ത് വീട്ടിൽ എൻ.പി. ഷിബിനെയാണ് (40) കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും കസബ െപാലീസും ചേർന്നു പിടികൂടിയത്.
വെസ്റ്റ് ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലി ലിങ്ക് റോഡിലെ ഉരുക്കുശാലയിൽനിന്ന് സെപ്റ്റംബർ 20ന് രാത്രി മാങ്കാവിലേക്ക് ബൈക്കിൽ സ്വർണം കൊണ്ടു പോകുമ്പോഴാണ് ബൈക്കിലെത്തിയ എട്ടുപേർ കണ്ടംകുളം ജൂബിലി ഹാളിനു സമീപത്തുനിന്ന് ആക്രമിച്ച് കവർച്ച നടത്തിയത്.
നേരത്തെ ഇത്തരം കേസിൽ ഉൾപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് തൊണ്ടയാട് കേന്ദ്രീകരിച്ച ക്വട്ടേഷൻ സംഘത്തിലെ കുറച്ചുപേർ ഒളിവിലാണെന്ന് അറിയുകയായിരുന്നു. ഇവരാരും ഫോൺ ഉപയോഗിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കിയെങ്കിലും ശാസ്ത്രീയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിന് സിംകാർഡുകൾ എടുത്ത് നൽകിയ കക്കോടി മൂട്ടോളി സ്വദേശി ലത്തീഷിനെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.
തുടർന്ന് പൊലീസ് സംഘങ്ങളായി തിരിഞ്ഞ് ഗോവ, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രഹസ്യാന്വേഷണം നടത്തുകയായിരുന്നു. കർണാടകയിൽ കേരള പൊലീസ് എത്തിയ വിവരം മനസ്സിലാക്കിയ ക്വട്ടേഷൻ സംഘം കേരളത്തിലേക്ക് കാറിൽ കടന്നതായ രഹസ്യവിവരം ലഭിച്ച പൊലീസ് നഗരത്തിൽ വാഹന പരിശോധന ശക്തമാക്കി. ഇതിനിടെ, പോലീസിനെക്കണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കവെ പ്രതികളായ പയ്യാനക്കൽ സ്വദേശി വാവ എന്ന ജിനിത്ത്, കൊമ്മേരി സ്വദേശി ജമാൽ ഫാരിഷ്, പന്നിയങ്കര സ്വദേശി ഷംസുദ്ദീൻ, കാസർകോട് കുന്താർ സ്വദേശി മുഹമ്മദ് നൗഷാദ് എന്നിവരെ പിടികൂടുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതി പയ്യാനക്കൽ ചാമുണ്ടിവളപ്പ് സ്വദേശി ജംഷീർ പിന്നീട് കസബ സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്ന് ഇവർക്ക് ക്വട്ടേഷൻ നൽകിയ നേതാവ് ഷിബിയാണെന്ന് മൊഴി ലഭിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2014 തൃശൂർ ഒല്ലൂർ, 2019ൽ മാനന്തവാടി, 2021ൽ ചേവായൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസിലും 2019ൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ആയുധ നിരോധന നിയമ കേസിലും 2016ൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ തട്ടുകട തല്ലിപ്പൊളിച്ച കേസിലെയും പ്രതിയാണ് ഷിബി. ആസൂത്രിതമായാണ് പ്രതികൾ കവർച്ച നടത്തിയതെന്നും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽപെടാതിരിക്കാൻ കവർച്ചക്ക് മുമ്പ് സ്ഥലത്ത് റിഹേഴ്സൽ നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചതായി ടൗൺ അസി. കമീഷണർ പി. ബിജുരാജ് പറഞ്ഞു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എടയേടത്ത് മനോജ്, കെ. അബ്ദുൽ റഹിമാൻ, കെ.പി. മഹീഷ്, എം. ഷാലു, പി.പി. മഹേഷ്, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, എ. പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, കസബ പൊലീസിലെ സബ് ഇൻസ്പെക്ടർ അനീഷ്, അഭിഷേക്, ടി.കെ. വിഷ്ണുപ്രഭ, നടക്കാവ് എസ്.ഐ കൈലാസ് നാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.