അടിപിടിക്കേസ്: പണം തട്ടിയ കേസിൽ ഒരു പ്രതികൂടി പിടിയിൽ
text_fieldsവളാഞ്ചേരി: സ്വാധീനം ഉപയോഗിച്ച് അടിപിടിക്കേസിൽപെട്ട ആളെ രക്ഷപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി പൊലീസ് പിടിയിലായി. തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിന്‍ അനന്തപുരിയെ (43) എറണാകുളത്തുനിന്നാണ് പിടികൂടിയത്.
താനൂർ ചെറുപുരക്കൽ അസ്കർ (35), പുറമണ്ണൂർ ഇരുമ്പലയിൽ സിയാദ് (40) എന്നിവരെ എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലെ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാം പ്രതിയും വലയിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. അടിപിടിക്കേസിൽ ഉൾപ്പെട്ട വലിയകുന്ന് സ്വദേശിയായ വ്യക്തിയുടെ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
പരാതിക്കാരിയുടെ ഭർത്താവും മറ്റൊരു വ്യക്തിയും തമ്മിൽ വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. ഇൗ കേസിൽ ഉൾപ്പെട്ടയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾ ചെയ്തുതരാമെന്ന് പറഞ്ഞുമാണ് പ്രതികൾ പരാതിക്കാരിയുടെ ഭർത്താവിനെ സമീപിച്ചത്. പറഞ്ഞുവിശ്വസിപ്പിച്ച പ്രതികൾ ഇയാളിൽനിന്ന് 1,27,000 രൂപ കൈക്കലാക്കി.
തുക വാങ്ങിയിട്ടും കേസിൽ പ്രത്യേകിച്ച് വഴിത്തിരിവുകൾ ഉണ്ടാവാത്തതിനെ തുടർന്നാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.ഇതേതുടർന്നാണ് വളാഞ്ചേരി പൊലീസിൽ പരാതി നൽകിയത്.മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുമായി ബന്ധമുണ്ടെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി പിടിപാടുണ്ടെന്നും പറഞ്ഞുമാണ് മൂവരും സ്വാധീനിച്ചതെന്നും തേഞ്ഞിപ്പലത്ത് എസ്.ഐയെ 2016ൽ തട്ടിക്കൊണ്ടുപോയ കേസും പ്രതിയായ നിധിനെതിരെ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നിർദേശനുസരണം എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, അസീസ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ. പത്മിനി, സി.പി.ഒമാരായ വിനീത്, ദീപു എന്നിവർ ചേർന്ന് തൃക്കാക്കര എ.സി.പിയുടെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.