യുവാവിനെ ആക്രമിച്ച് പണവും ഫോണും തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിൽ
text_fieldsഅഞ്ചൽ: യുവാവിനെ ആക്രമിച്ച് പണവും ഫോണും തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിൽ. പഴയ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ആഡംബര കാറിൽ കയറ്റിക്കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
പുനലൂർ സ്വദേശി ശ്രീകുമാറിനെയാണ് പടിഞ്ഞാറെ വയലായിൽ നിന്നും ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മഫ്തി വേഷത്തിലെത്തിയ പുനലൂർ പൊലീസിസ് പിടികൂടിയത്.
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: ആലപ്പുഴ ജില്ലയിലെ വിവിധ ജ്വല്ലറികളിൽ സെയിൽസ് മാനായി പ്രവർത്തിച്ചിരുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കോളനിയിൽ ഗിരീഷിനെ (44) പഴയ സ്വർണം നൽകാമെന്ന് ധരിപ്പിച്ച് ആലപ്പുഴ സ്വദേശികളായ കുഞ്ഞുമോൾ (അരുണ), നിജാസ് (അശ്വിൻ ) എന്നിവർ ചേർന്ന് കുഞ്ഞുമോളുടെ ആഡംബര കാറിൽ കയറ്റി പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപമെത്തി.
അവിടെ നിന്ന് പുനലൂർ സ്വദേശി ശ്രീകുമാറും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് പഴയ സ്വർണം ഇരിക്കുന്ന സ്ഥലത്തേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരുചക്രവാഹനത്തിൽ ഗിരീഷിനെയും കയറ്റിപകിടി എന്ന സ്ഥലത്തെത്തുകയും അവിടെവെച്ച് ഗിരീഷിന്റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ബിഗ് ഷോപ്പറിൽ കരുതിയിരുന്ന അഞ്ചരലക്ഷം രൂപയും പതിമൂവായിരത്തിലധികം രൂപ വിലവരുന്ന മൊബൈൽ ഫോൺ കവരുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ച ഗിരീഷിനെ ഇരുവരും ചേർന്ന് കമ്പിവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കാറിന്റെ നമ്പർ വ്യക്തമാകുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ കൊട്ടാരക്കര ഭാഗത്തു നിന്ന് കാറും മൂന്ന് ലക്ഷം രൂപയും കുഞ്ഞുമോൾ, നിജാസ് എന്നിവരെ അറസ്റ്റുചെയ്യുകയുമുണ്ടായി. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിലിനിടെയാണ് കഴിഞ്ഞദിവസം ശ്രീകുമാറിനെ വയലായിലെ വാടക വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വസ്തുവാങ്ങി വീടുപണി നടത്തിവരികയായിരുന്നു ശ്രീകുമാർ. ഇയാളിൽനിന്ന് രണ്ടരലക്ഷം രൂപയും വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
മഫ്തിയിലെത്തിയത് പൊലീസാണെന്ന് മനസ്സിലായതോടെ ശ്രീകുമാറിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടുവെങ്കിലും അൽപസമയത്തിന് ശേഷം തിരികെയെത്തി. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേസിൽ ഉൾപ്പെട്ട പ്രതിയാണോയെന്ന് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. പുനലൂർ എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.