പാലക്കാട് ആർ.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു
text_fieldsപാലക്കാട് നഗരത്തിൽ വെട്ടേറ്റ ആർ.എസ്.എസ് നേതാവ് ആശുപത്രിയിൽ മരിച്ചു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള എസ്കെഎസ് ഒാട്ടോസ് എന്ന കടയിൽ കയറിയാണ് അക്രമികൾ വെട്ടിയത്.
ശ്രീനിവാസൻ ബി.ജെ.പി പ്രവർത്തകനും ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖുമാണ്. വെട്ടേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിറകിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.
മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കൊടുന്തറപ്പള്ളിയിൽ ഒരാൾക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിന് സംഘർഷവുമായി ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ കനത്ത ജാഗ്രതക്ക് ഡി.ജി.പി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. അതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണോ ആക്രമണത്തിന് പിറകിലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.