ഓൺലൈൻ തട്ടിപ്പ്: വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പൊലീസ്
text_fieldsആലുവ: ഗൂഗ്ളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് 77,000 രൂപ. തിരിച്ചെടുത്തുകൊടുത്ത് എറണാകുളം റൂറൽ ജില്ല സൈബർ ക്രൈം പൊലീസ്. ദീപാവലിയിൽ സ്മാർട്ട് ടി.വിക്ക് ഓഫർ ഉണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗ്ളിൽ ഫ്ലിപ്കാർട്ടിെൻറ കസ്റ്റമർ കെയർ നമ്പർ പരതിയത്. ലഭിച്ചത് വ്യാജനമ്പർ. കിട്ടിയ നമ്പറിൽ ഉടൻ വീട്ടമ്മ ബന്ധപ്പെടുകയും ചെയ്തു.
ഓഫർ ഉണ്ടെന്നും അയച്ചുതരുന്ന ലിങ്കിലുള്ള ഫോറം ഫിൽ ചെയ്തുനൽകാനും തട്ടിപ്പ് സംഘം പറഞ്ഞു. ഒറിജിനൽ ഫ്ലിപ് കാർട്ടിേൻറതാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ലിങ്കും ഒപ്പം ഒരു ഫോറവും അയച്ചുനൽകി. അതിൽ പേരും അക്കൗണ്ട് നമ്പറും ബാങ്ക് യു.പി.ഐ ഐ.ഡിവരെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. സംഭവം ഒർജിനലാണെന്ന ധൈര്യത്തിൽ വീട്ടമ്മ വിവരങ്ങളെല്ലാം സബ്മിറ്റ് ചെയ്തു. ഉടൻ ഒരു എസ്.എം.എസ് വന്നു.
ആ സന്ദേശം സംഘം നിർദേശിച്ച മൊബൈൽ നമ്പറിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ഉടൻ അയക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ഒാൺലൈൻ നെറ്റ് ബാങ്കിങ്ങിെൻറ നിയന്ത്രണം തട്ടിപ്പ് സംഘത്തിെൻറ കൈകളിലായി. സംഘം മൂന്നു പ്രാവശ്യമായി 25,000െവച്ച് 75,000 ഒാൺലൈനിലൂടെ പിൻവലിക്കുകയും 2000 രൂപ അക്കൗണ്ട് ട്രാന്സ്ഫര് നടത്തുകയും ചെയ്തു.
പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തി.
തട്ടിപ്പുസംഘം ഈ തുക ഉപയോഗിച്ച് ഒാൺലൈൽ വ്യാപാര സൈറ്റുകളിൽനിന്ന് 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ വാങ്ങിയെന്നും 25,000 രൂപയുടെ പർച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പൊലീസ് തട്ടിപ്പ് സംഘം നടത്തിയ ബാങ്ക് ഇടപാട് മരവിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടിൽ പണം തിരികെയെത്തിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം. തൽഹത്, സി.പി.ഒമാരായ വികാസ് മാണി, പി.എസ്. ഐനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇൻറർനെറ്റിൽ കസ്റ്റമർ കെയർ നമ്പർ പരതി തട്ടിപ്പിൽപെടരുതെന്നും ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.