25 ലക്ഷത്തിെൻറ സമ്മാനം കിട്ടാൻ ചെലവാക്കിയത് 80 ലക്ഷം; ആലുവയിൽ നിന്നാണ് ഓൺലൈൻ തട്ടിപ്പിെൻറ വേറിട്ട കഥ
text_fieldsആലുവ: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുമ്പോൾ മുന്നറിയിപ്പുമായി റൂറൽ ജില്ല പൊലീസ്. ഉത്തരേന്ത്യൻ ഒൺലൈൻ തട്ടിപ്പുസംഘത്തിന്‍റെ പ്രലോഭനങ്ങളിൽ വശംവദരായി ഭീമമായ തുകകൾ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ദിനംപ്രതി റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
സ്ക്രാച്ച് ആൻറ് വിൻ കാർഡിൽ 25 ലക്ഷം രൂപ സമ്മാനം ലഭിച്ചുവെന്നത് സത്യമാണെന്ന് വിശ്വസിച്ച് 80 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട കേസിൽ അന്വേഷണം നടക്കുകയാണ്. തപാലിലാണ് കാർഡ് യുവാവിന്‍റെ കൈകളിലെത്തിയത്. ഒൺലൈൻ വ്യാപാരസൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങീയതിന് സമ്മാനമായി ലഭിച്ചതെന്നും പറഞ്ഞ് അഭിനന്ദന സന്ദേശത്തോടെയാണ് കാർഡെത്തിയത്. ചുരണ്ടി നോക്കിയപ്പോൾ 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു. രണ്ടായിരം രൂപ പ്രോസസിങ് ചാർജിൽ തുടങ്ങി 80 ലക്ഷത്തിലേറെ രൂപ യുവാവ് 25 ലക്ഷം രൂപ സമ്മാനമായി കിട്ടാൻ വേണ്ടി മുടക്കി.
ഓരോ പ്രാവശ്യവും പണം മുടക്കുമ്പോഴും മുടക്കുന്ന പണം കൂടിച്ചേർത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘം വാഗ്ദാനം നൽകുകയും ചെയ്തു. ഇതിൽ കുടുങ്ങിയാണ് ഇദ്ദേഹം പണം മുടക്കിയത്. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെയാണ് പരാതി നൽകിയത്. ഇത്തരം വ്യാജ പ്രലോഭനങ്ങളിൽ വീഴരുതെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്ക് മുന്നറിയിപ്പു നൽകി.
ഇത്തരം തട്ടിപ്പുകാർ പ്രശസ്തമായ ഒൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്ക്രാച്ച് ആൻറ് വിൻ കാർഡുകൾ അയക്കുന്നത്. ചുരണ്ടി നോക്കുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇത് ലഭ്യമാകുന്നതിന് പല കാര്യങ്ങൾ പറഞ്ഞ് സംഘം പണം തട്ടും. ഇങ്ങനെയുള്ള കാര്യങ്ങൾ തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് എസ് പി കാർത്തിക് പറഞ്ഞു.
ഒൺലൈൻ ആയി ലോൺ വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പും, ബാങ്ക് അക്കൗണ്ട്, കാർഡ് എന്നിവ ബ്ലോക്കായി എന്നു പറഞ്ഞോ, ക്രഡിറ്റ് ലിമിറ്റ് കൂട്ടിത്തരാമെന്ന് വഗ്ദാനം ചെയ്തോ ബാങ്കിൽ നിന്നാണെന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ഒ.ടി.പി വാങ്ങിയുള്ള ഒൺലൈൻ തട്ടിപ്പും വ്യപകമാവുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിച്ചില്ലെങ്കിൽ വൻ നഷ്ടം സംഭവിക്കുമെന്നും എസ് പി പറഞ്ഞു.
സമൂഹ മാധ്യങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. ഫെയ്സ്ബുക്കിൽ വ്യക്തിയുടെ പേരും പ്രൊഫൈൽ ഫോട്ടോയും അതുപോലെ അനുകരിച്ച് സന്ദേശം വഴി പണമാവശ്യപ്പെട്ടുള്ള തട്ടിപ്പാണ് വ്യാപകമാകുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭ്യമാകുന്നുണ്ട്. സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്തും സെക്യൂരിറ്റി ഫീച്ചറുകൾ പരാമവധി ഉപയോഗിച്ചും ഇത്തരം തട്ടിപ്പിൽ നിന്ന് ഒഴിവാകാം. പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചാൽ ഉറപ്പു വരുത്തി മാത്രം പ്രതികരിക്കുക. സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചുള്ള ബ്ലാക്ക് മെയിലിങും വ്യാപകമായിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.