ഓപറേഷന്‍ ഡെവിള്‍ ഹണ്ട്: കരുനാഗപ്പള്ളിയില്‍ 19 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
text_fieldsകരുനാഗപ്പള്ളി: എക്‌സൈസ് നടത്തിയ ഓപറേഷന്‍ ഡെവിള്‍ ഹണ്ട് പ്രത്യേക പരിശോധനയില്‍ 19 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കരുനാഗപ്പള്ളി താലൂക്കില്‍ അയണിവേലിക്കുളങ്ങര കോഴിക്കോട് പറമ്പില്‍ വീട്ടില്‍ ദീപു എന്ന രാജേഷ് (39), കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ മുറിയില്‍ മഠത്തില്‍ വീട്ടില്‍ ഷംനാദ് (26) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
ഓപറേഷന്‍ ഡെവിള്‍ ഹണ്ടിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് കരുനാഗപ്പള്ളി വവ്വാക്കാവ് ഭാഗത്ത് നിന്ന് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തു.
കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സംഘത്തെപ്പറ്റി ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് എക്‌സൈസ് സൈബര്‍ സെല്‍ അംഗങ്ങളായ വിമല്‍, വൈശാഖ് എന്നിവരുടെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുകയും ഇവരെ പിടികൂടുകയും ചെയ്തത്.
എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു, പ്രിവന്റിവ് ഓഫിസര്‍മാരായ മനു, രഘു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, മുഹമ്മദ് കാഹില്‍ ബഷീര്‍, നിഥിന്‍, അജിത് ഡ്രൈവര്‍ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
യുവാക്കള്‍ക്കിടയില്‍ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അതിനായി മയക്കുമരുന്ന് കണ്ടെത്തുന്നതിനായി അടുത്തമാസം അഞ്ചുവരെ പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചതായും ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ബി. സുരേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.