കുബേരന്മാരുടെ നീരാളിപ്പിടിത്തം: ശ്വാസംമുട്ടി ഗ്രാമീണ മേഖല
text_fieldsചിറ്റൂർ: കോവിഡിനെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽ നട്ടംതിരിയുന്നവരെ ശ്വാസം മുട്ടിച്ച് കഴുത്തറുപ്പൻ ബ്ലേഡ് സംഘങ്ങൾ. മാസപ്പലിശക്കും ദിവസപ്പലിശക്കും ആഴ്പ്പലിശക്കും പണം നൽകുന്ന കൊള്ളപ്പലിശക്കാർ ജില്ലയുടെ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് സജീവമാണ്. ഈടോ ജാമ്യമോ ആവശ്യമില്ലാത്തതിനാൽ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന നിരവധി പേരാണ് ഇവരെ ആശ്രയിക്കുന്നത്. ഓപറേഷൻ കുബേര നിർജീവമായതോടെ പലിശക്കാരുടെ ഭീഷണിയിൽ ആത്മഹത്യയുടെ മുനമ്പിലാണ് നിരവധി കുടുംബങ്ങൾ. അതിർത്തി കടന്നെത്തുന്ന തമിഴന്മാർ മുതൽ പ്രാദേശികമായ പലിശക്കാർ വരെ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് പണമിടപാട് നടത്തുകയാണ്. 1000 രൂപ മുതൽ പതിനായിരങ്ങൾ വരെ ഒരു ഈടുമില്ലാതെ ലഭിക്കുന്നതിനാൽ പെെട്ടന്നുള്ള ആവശ്യങ്ങൾക്കാണ് കൂടുതൽ പേരും ഇവരെ ആശ്രയിക്കുന്നത്.
തലവെച്ചാൽ ധനനഷ്ടം; മാനഹാനി
കഴിഞ്ഞ വർഷം അകത്തേത്തറ പഞ്ചായത്തിൽ വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണിയെതുടർന്ന് കർഷകർ ജീവനൊടുക്കിയിരുന്നു. കൊള്ളപ്പലിശക്കാരുടെ കെണിയിൽപ്പെട്ട് ജീവിതം തകർന്നവർ നിരവധിയാണ്. േബ്ലഡുകാരുടെ കെണിയിൽ ഒരു വട്ടം തലവെച്ചാൽ ഊരിയെടുക്കാൻ പ്രയാസമാണെന്ന് അനുഭവസ്ഥർ പറയുന്നു. ഒരിക്കലും തീരാത്ത പലിശയും പലിശക്കുമേൽ പലിശയുമായി അതങ്ങനെ ഉയർന്നുകൊണ്ടേയിരിക്കും. കെട്ടുതാലിയും കിടപ്പാടവും വരെ പലിശക്കെണിയിൽ നഷ്ടപ്പെട്ടവർ നിരവധി. കൂലിപ്പണിക്കാർ മുതൽ ചെറുകിട കർഷകർ വരെ നിരവധി പേരാണ് ഇരകൾ. അതിർത്തി മേഖലയിലെ നിരക്ഷരരായ നിരവധി ആളുകൾ തങ്ങൾക്കുമേൽ നടക്കുന്നത് ചൂഷണമാണെന്ന് പോലും തിരിച്ചറിയാതെയാണ് കൊള്ളപ്പലിശക്കാരുടെ ഭീഷണിക്ക് വഴങ്ങി പണം നൽകുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമെല്ലാം ചെറുതും വലുതുമായ നിരവധി പലിശക്കാർ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് സജീവമാവുമ്പോഴും ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം സ്റ്റേഷനുകളിലൊന്നും ഒറ്റ പരാതി പോലുമില്ലെന്നതാണ് വിചിത്രം.
ആരോട് പറയാൻ? ആര് കേൾക്കാൻ?
പലിശക്കാരിൽ അൽപ്പം മനുഷ്യപ്പറ്റുള്ളത് തമിഴ്നാട്ടിൽ നിന്നെത്തുന്ന ആഴ്ചപ്പിരിവുകാർക്കെന്നാണ് നാട്ടുകാരുടെ പക്ഷം. ഒരാഴ്ചയോ രണ്ടാഴ്ചയോ പണമില്ലെന്ന് പറഞ്ഞാലും പ്രശ്നമുണ്ടാക്കാതെ അവർ പോവും. എന്നാൽ ഇതാവില്ല നാട്ടുകാരായ പലിശക്കാരോട് ഇടപാട് നടത്തിയാൽ സംഭവിക്കുക. വീട്ടിൽ കയറിയുള്ള അസഭ്യം പറച്ചിൽ മുതൽ കൈയേറ്റം വരെ ഉണ്ടാവാം. പ്രാദേശിക രാഷ്ട്രീയ പിന്തുണയാണ് പണപ്പിരിവിന് ഏതറ്റം വരെയും പോവാൻ നാട്ടുകാരായ കൊള്ളപ്പലിശക്കാർക്ക് പ്രചോദനം.
കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണ കുബേരന്മാർക്കെന്നതാണ് നാട്ടുകാരുടെ വേവലാതി. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ പലിശക്കാർക്കാണെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് ആരോട് പറയാൻ? ഭീഷണിപ്പെടുത്തുന്നവർക്കെതിരെ പരാതി നൽകാനൊരുങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതും ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തന്നെ. ചിലരെ മുന്നിൽ നിർത്തി പണമിറക്കുന്നത് ചില രാഷ്ട്രീയ നേതാക്കളാണെന്നതും പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ പിന്തുണയിൽ പലിശക്കാർ തടിച്ചുകൊഴുക്കുമ്പോഴും നടപടിയെടുക്കേണ്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല.
ലക്ഷ്യംകാണാതെ 'ഓപറേഷൻ കുബേര'
2019 മുതൽ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തത് 250ൽ താഴെ കേസുകളാണെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു. 1958ലെ പണം കൊടുക്കൽ നിയമവും 2012ലെ അമിത പലിശ ഈടാക്കൽ നിരോധന നിയമവും അനുസരിച്ചാണ് കേസുകൾ. ഇതിൽ പാലക്കാട്ടാണ് കൂടുതൽ കേസുകൾ. എന്നാൽ ഓപറേഷൻ കുബേരയിലൂടെ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം ഇപ്പോഴും നിയമക്കുരുക്കിലാണ്.
പരാതിക്കാരെ പേടിപ്പിച്ചും പണം തിരികെ കൊടുത്തും ചിലർ രക്ഷപ്പെടും. കേസൊക്കെ ഒതുങ്ങിയപ്പോൾ വീണ്ടും സജീവമായവരും നിരവധി. പലിശക്കെണിയിൽ കുടുങ്ങി ജീവിതവും ജീവനും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങൾക്ക് നിയമത്തിന് മുന്നിൽ ഉത്തരവാദികളില്ലെന്നതാണ് യാഥാർഥ്യം.
ചിട്ടിക്കമ്പനികൾ എന്ന കൊള്ളസംഘങ്ങൾ
തമിഴ്നാട്ടിൽനിന്ന് നിരവധി ചിട്ടിക്കമ്പനികളാണ് അതിർത്തി കടന്നെത്തി പ്രവർത്തിക്കുന്നത്. ചിട്ടി വിളിച്ചാൽ പണം കിട്ടാൻ വലിയ നൂലാമാലകളോ കാലതാമസമോ ഇല്ലെന്നതാണ് ഇവരുടെ പ്രത്യേകത. വലിയ തുകക്കേ വസ്തു ഉൾപ്പെടെ ഈട് നൽകേണ്ടതുള്ളൂ എങ്കിലും അടവ് തെറ്റിയാൽ വിധം മാറും. റോഡിനപ്പുറം തമിഴ്നാടും റോഡുൾപ്പെടെ ഇപ്പുറം കേരളവുമായ മീനാക്ഷിപുരത്തും ഗോപാലപുരത്തുമെല്ലാം നിരവധി ചിട്ടിക്കമ്പനികളാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനമേഖല കേരളമാണെങ്കിലും സ്ഥാപനങ്ങളെല്ലാം തമിഴ്നാട്ടിലാണ്. അതിനാൽ തന്നെ കേരളത്തിലെ ചിട്ടി നിയമങ്ങളെല്ലാം ലംഘിച്ച് നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് കഴിയില്ല. ചിട്ടി നടത്തിപ്പിന്റെ മറവിൽ പലിശക്ക് പണം നൽകലാണ് ഭൂരിപക്ഷം ചിട്ടിക്കമ്പനികളും നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്.
തളിരിടാതെ 'മുറ്റത്തെ മുല്ല'
ഏറെ കൊട്ടിഘോഷിച്ച് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് 'മുറ്റത്തെ മുല്ല'. കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ ചെറുകിട വായ്പ വീട്ടുമുറ്റത്തെത്തിക്കാൻ സഹകരണ വകുപ്പ് തയാറാക്കിയ പദ്ധതി തുടക്കത്തിലേ പാളി. കുടുംബശ്രീ മുഖേന വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി തുക നൽകുകയും ആഴ്ചകൾ തോറും തിരിച്ചടവ് ഉറപ്പ് വരുത്തുകയുമായിരുന്നു ലക്ഷ്യം. പ്രവർത്തന മികവുള്ള കുടുംബശ്രീകൾക്ക് 10 ലക്ഷം രൂപ വരെ നൽകി നടപ്പാക്കിയ പദ്ധതി പക്ഷേ ഭൂരിഭാഗവും കുടുംബശ്രീ അംഗങ്ങൾക്കിടയിൽ തന്നെ ഒതുങ്ങി. ഫലത്തിൽ പണം ആവശ്യമുള്ള കുടുംബശ്രീ അംഗമല്ലാത്തവർ ബ്ലേഡുകാരെത്തന്നെ ആശ്രയിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.