ഓപറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല ചിത്രം തെരഞ്ഞവർ പിടിയിൽ
text_fieldsകൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഇന്‍റർനെറ്റിൽ തെരഞ്ഞവർക്കും പങ്കുവെച്ചവർക്കുമെതിരെ സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപറേഷൻ പി ഹണ്ടിന്‍റെ ഭാഗമായിരുന്നു പരിശോധന. നാല് അസിസ്റ്റന്‍റ് കമീഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 24 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
അശ്ലീല ചിത്രങ്ങളും വിഡിയോകളും കാണുകയും പങ്കുവെക്കുകയും ചെയ്ത 24ഓളം ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കോടതി മുഖാന്തരം ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു. കൊല്ലം സിറ്റി പരിധിയിലെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ഓച്ചിറ, പരവൂർ, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പള്ളി, ചവറ, അഞ്ചാലുംമൂട്, കൊട്ടിയം, കരുനാഗപ്പള്ളി, ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ നിന്നുമായി മൊബൈൽ ഫോൺ, മെമ്മറികാർഡ്, സിംകാർഡുകൾ എന്നിവ പിടികൂടിയത്. സൈബർ ഇടങ്ങളിൽ കുട്ടികളെ സംബന്ധിച്ച അശ്ലീലം തെരഞ്ഞവരാണ് നടപടിക്ക് വിധേയരായത്.
അന്തർസംസ്ഥാന തൊഴിലാളിയും വിദ്യാർഥികളും യുവാക്കളും, പ്രഫഷനലുകളും കൂലിപ്പണിക്കാരനും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന പൊലീസ് ആസ്ഥാനത്തും ജില്ല പൊലീസ് ആസ്ഥാനത്തും പ്രവർത്തിക്കുന്ന സൈബർ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരിശോധനകൾ നടന്നത്.
പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം കുറ്റവാളികൾക്കെതിരെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് അറിയിച്ചു.അഡീഷനൽ ഡെപ്യൂട്ടി കമീഷണർ സോണി ഉമ്മൻ കോശിയുടെയും സി ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണർ സക്കറിയാ മാത്യുവിന്‍റെയും നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.