ഓപ്പറേഷന് പി ഹണ്ട്; ഏഴ് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പിടികൂടി
text_fieldsകൊല്ലം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ തെരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയത്.
ജില്ലയില്‍ ഏഴ് ഇടങ്ങളില്‍ പരിശോധന നടത്തി. കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, ഇരവിപുരം, കിളികൊല്ലൂര്‍, കരുനാഗപ്പള്ളി, ചവറ, പാരിപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകൾ രജിസ്റ്റര്‍ ചെയ്തു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം സബ്ബ് ഡിവിഷന് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഞായറാഴ്ച രാവിലെ മുതല്‍ നടന്ന റെയ്ഡില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവക്കാനും ഉപയോഗിച്ച ഏഴ് മൊബൈല്‍ ഫോണുകളും, ഒരു ലാപ്പ്ടോപ്പ് കമ്പ്യൂട്ടറും രണ്ട് മെമ്മെറി കാര്‍ഡുകളും, ഒരു എക്സ്റ്റേണല്‍ ഹാർഡ് ഡിസ്ക്കും പിടിച്ചെടുത്തു. ഇവ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചു.
പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം വന്നശേഷം കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു. കൊല്ലം സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിനു ശ്രീധറിന്റെയും സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മനാഫിന്റെയും നേതൃത്വത്തില്‍ സിറ്റി സൈബര്‍ സെല്ലാണ് റെയ്ഡ് നടപടികള്‍ ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.