അവയവദാനത്തിനായി മനുഷ്യക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, കേസ് എൻ.ഐ.എ ഏറ്റെടുത്തേക്കും
text_fieldsനെടുമ്പാശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുനിന്ന് അവയവദാനത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണ സംഘം വിപുലീകരിച്ചു. വിശദമായ അന്വേഷണത്തിനായി പത്തംഗസംഘത്തെയാണ് എറണാകുളം റൂറൽ പൊലീസ് നിയോഗിച്ചു.
സംഭവത്തിനുപിന്നിലെ റാക്കറ്റുമായി ബന്ധപ്പെട്ട പ്രധാനികളിൽ ചിലർ ഹൈദരാബാദ് സ്വദേശികളാണെന്ന് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ പിടിയിലായ ചാവക്കാട് സ്വദേശി സാബിത് നാസർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം ഹൈദരാബാദിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ കേസ് എൻ.ഐ.എ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നറിയുന്നു.
യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് ഇറാനിലെത്തിച്ച് അവയവദാനം നടത്തിക്കുന്ന സംഘത്തിലെ അംഗമാണ് സാബിത് എന്നാണ് കണ്ടെത്തൽ. 2019ൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ സ്വന്തം വൃക്ക നൽകാൻ ഇയാൾ ഹൈദരാബാദിലെ സംഘവുമായി ബന്ധമുണ്ടാക്കി. ശ്രീലങ്കയിലെ ഒരാൾക്ക് വൃക്ക നൽകിയാൽ 15 ലക്ഷം നൽകാമെന്ന് ഇവർ അറിയിക്കുകയായിരുന്നു. തുടർന്നാണ് വൃക്ക നൽകാനുള്ള തീരുമാനം ഉപേക്ഷിച്ച് വൃക്ക നൽകാൻ സന്നദ്ധതയുള്ളവരെ കണ്ടെത്താൻ സംഘത്തിന്റെ ഏജൻറായി മാറിയത്.
ഇരുപതോളം പേരെ ഇത്തരത്തിൽ കണ്ടെത്തി നൽകിയെന്നും ഇവരിൽ ഒരാൾ മാത്രമാണ് മലയാളിയെന്നുമാണ് സാബിത് പറയുന്നത്. ഇയാളുടെ സഹായികളായി കൊച്ചി സ്വദേശിയായ ഒരാളും മറ്റൊരു സ്ത്രീയും പ്രവർത്തിച്ചിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. സാബിത് തൃശൂർ വലപ്പാട്ട് വാടകക്കാണ് താമസിച്ചിരുന്നത്. വൃക്കദാനം ചെയ്യാൻ സന്നദ്ധമാകുന്നവരെ മാത്രമേ ഇറാനിലെത്തിച്ചിട്ടുള്ളൂവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, കൂടുതൽ മലയാളികൾ ഇരകളായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സഹായികളെ കൂടി പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരം ലഭിക്കൂ.
അതിനിടെ, സാബിത് നാസറിനെ അങ്കമാലി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിലാവശ്യപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമോ അതോ ക്രൈംബ്രാഞ്ചിന് കൈമാറണമോയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.
അവയവദാനത്തിനുവേണ്ടിയാണ് മനുഷ്യക്കടത്തെന്ന് വ്യക്തമാകാത്തതിനാൽ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസും പുറത്തുവിട്ടിട്ടില്ല. പ്രാഥമികമായി ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ എത്രത്തോളം ശരിയാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കുറച്ചുദിവസം മാത്രം വാടകക്ക് തങ്ങിയ വിലാസത്തിൽ എങ്ങനെ പാസ്പോർട്ട് തരപ്പെടുത്തിയെന്നതും അന്വേഷിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന ഇൻറലിജൻസ് ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇറാനിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയശേഷം വാഗ്ദാനം ചെയ്ത തുകയൊന്നും തനിക്ക് ലഭിച്ചില്ലെന്നാണ് ഇയാളുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.